Connect with us

Entertainment

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞു വീണ വാണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Published

on

ചെന്നൈ: പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 78 വയസായിരുന്നു. വീട്ടില്‍ കുഴഞ്ഞു വീണ വാണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്, തെലുങ്ക്‌, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടി. ഇക്കഴിഞ്ഞ മാസമാണ് രാജ്യം പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്.  

തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം..സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം വയസ്സില്‍ ആകാശവാണി മദ്രാസ് സ്‌റ്റേഷനില്‍ പാടിത്തുടങ്ങി. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്മണ്യന്‍, ആര്‍.എസ്. മണി എന്നിവരാണ് കര്‍ണാടക സംഗീതത്തിലെ ഗുരുക്കന്മാര്‍. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുല്‍ റഹ്മാന്‍ ഖാനാണ്.

1971ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങള്‍ പാടിയ അവര്‍ ആശാ ഭോസ്‌ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തില്‍ ഡ്യുയറ്റ് പാടി. മദന്‍ മോഹന്‍, ഒ.പി. നയ്യാര്‍, ആര്‍.ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്‌ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവര്‍ 1974ല്‍ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലും സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്‍ പാടിയ അവര്‍ എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ. മഹാദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എ.ആര്‍. റഹ്മാന്‍ എന്നിവരുടെയൊക്കെ പാട്ടുകള്‍ക്ക് ശബ്ദം നല്‍കി.  ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തില്‍ അരങ്ങേറ്റം കുറിപ്പിച്ചത്.

Continue Reading