NATIONAL
പ്രധാനമന്ത്രിയുടെ വിശ്വസ്തനായ വിധേയനാണ് ഗൗതം അദാനിയെന്ന് രാഹുല്‍. പ്രതിരോധമേഖലയിലും വ്യോമമേഖലയിലും അദാനിക്കായി ചട്ടങ്ങള്‍ ലംഘിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി- അദാനി ബന്ധത്തില്‍ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ വിധേയനാണ് ഗൗതം അദാനിയെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ എല്ലാ ഭാഗങ്ങളില്‍ നിന്നും താന്‍ കേട്ട ഒരു പേര് അദാനിയുടേതായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയുമായി അദാനിക്ക് ബന്ധമുണ്ടായിരുന്നു. ഗുജറാത്ത് വികസനമാതൃക ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ മോദിയെ സഹായിച്ചത് അദാനിയായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
മോദി പ്രധാനമന്ത്രിയായപ്പോള്‍ അദാനിയുടെ വളര്‍ച്ച വലിയതോതിലായി. 2014ന് ശേഷമാണ് അദാനിയുടെ ആസ്തികള്‍ വലിയ തോതില്‍ വര്‍ധിച്ചതെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനങ്ങള്‍ അദാനിയുടെ വ്യവസായ വളര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു. പ്രത്യേകിച്ച് ഇസ്രായേല്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് നടത്തിയ വിദേശപര്യടനങ്ങള്‍ അദാനിയെ സഹായിക്കാന്‍ വേണ്ടിയായിരുന്നു. ഇതുമൂലം അദാനിക്ക് നിരവധി കരാറുകള്‍ ലഭിച്ചതായും രാഹുല്‍ ആരോപിച്ചു.
പ്രതിരോധമേഖലയിലും വ്യോമമേഖലയിലും അദാനിക്കായി ചില ചട്ടങ്ങള്‍ ലംഘിച്ചതായും രാഹുല്‍ ആരോപിച്ചു. വിവിധ പ്രതിരോധ കരാറുകള്‍ അദാനിക്ക് ലഭിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട സഹയാങ്ങള്‍ നല്‍കി. വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിക്ക് ലഭിക്കുന്നതിനുവേണ്ടി അതുവരെ ഉണ്ടായിരുന്ന വിമാനത്താവളച്ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മറികടന്നതായും രാഹുല്‍ ആരോപിച്ചു. 5 വിമാനത്താവളങ്ങള്‍ അദാനിക്ക് ലഭിക്കുന്നതിനായി, ചട്ടങ്ങളില്‍ മാറ്റം വരുത്തി. നേരത്തെയുള്ള വിമാനത്താവള നടത്തിപ്പില്‍ മുന്‍കാല പരിചയമുള്ള കമ്പനികള്‍ നല്‍കാവൂ എന്ന ചട്ടം മറികടന്നാണ് രാജ്യത്തെ പ്രധാനവിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും ചേര്‍ന്ന് എത്ര തവണ വിദേശ സന്ദര്‍ശനം നടത്തിയെന്നും രാഹുല്‍ ചോദിച്ചുയ വിദേശപര്യടനത്തിന് ശേഷം അതേരാജ്യങ്ങളിലേക്ക് എത്ര തവണ അദാനി സന്ദര്‍ശിച്ചിട്ടുണ്ട്?. ഇതിന്റെ ഭാഗമായി എത്ര കരാറുകള്‍ അദാനിക്ക് ലഭിച്ചു?. ബിജെപിക്ക് കഴിഞ്ഞ 20 വര്‍ഷമായി അദാനി എത്ര തുക സംഭാവനയായി നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ചോദിച്ചു. വ്യവസായ വളര്‍ച്ചയ്ക്ക് വേണ്ടി രാഷ്ട്രീയ ബന്ധങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഉള്‍പ്പടെ പഠനവിഷയമാക്കേണ്ടതാണ് മോദി അദാനിയും തമ്മിലുള്ള ബന്ധമെന്ന പരിഹാസത്തോടെയാണ രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.