NATIONAL
മോദി ഒരിക്കല്‍ ചായ വിറ്റിരുന്ന അതേ രീതിയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണെന്ന് തെലങ്കാന മന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തെലങ്കാന തൊഴില്‍ മന്ത്രി സി.എച്ച് മല്ല റെഡ്ഡി. നരേന്ദ്ര മോദി ഒരിക്കല്‍ ചായ വിറ്റിരുന്ന അതേ രീതിയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണെന്ന് മല്ല റെഡ്ഡി പറഞ്ഞു. കൂടാതെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ ‘നിര്‍മലമ്മ’ എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. സംസ്ഥാന നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
‘പ്രധാനമന്ത്രി മോദി ഒരിക്കല്‍ ചായ വിറ്റിരുന്നു. ആദ്യം അദ്ദേഹം മുഖ്യമന്ത്രിയായി, പിന്നീട് പ്രധാനമന്ത്രിയായി. അദ്ദേഹത്തെ നാമെല്ലാവരും വിശ്വസിച്ചത് നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രി മോദി പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നു. ചായ വിറ്റതിന് സമാനമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നു’ സംസ്ഥാന തൊഴില്‍ മന്ത്രി പറഞ്ഞു.
രാമരാജ്യത്തെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്, ഫോട്ടോഗ്രാഫുകളില്‍ രാമനെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് രാമരാജ്യം നടക്കുകയാണ്. യാദാദ്രി, സെക്രട്ടേറിയറ്റ്, അംബേദ്കര്‍ പ്രതിമ, രക്തസാക്ഷി സ്മാരക കേന്ദ്രം, കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, കലേശ്വരം, മിഷന്‍ ഭഗീരഥ എന്നിങ്ങനെ ഏഴ് അത്ഭുതങ്ങളാണ് തെലങ്കാനയില്‍ കാണുന്നത് സംസ്ഥാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ പ്രശംസിച്ച് മല്ല റെഡ്ഡി പറഞ്ഞു.