Crime
മദ്യപിച്ച് വാഹനം ഓടിക്കില്ലെന്ന് ആയിരം തവണ ഇമ്പോസിഷൻ എഴുതിച്ച് തൃപ്പൂണിത്തുറ പോലീസ്

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ഡ്രൈവർമാരെ കൊണ്ട് ഇമ്പോസിഷൻ എഴുതിപ്പിച്ച് തൃപ്പൂണിത്തുറ പൊലീസ്. ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ലെന്ന് ആയിരം തവണയാണ് പൊലീസ് ഇമ്പോസിഷൻ എഴുതിച്ചത്. ഏകദേശം അൻപതോളം ഡ്രൈവർമാരെക്കൊണ്ടാണ് പൊലീസ് ഇമ്പോസിഷൻ എഴുതിച്ചത്. ഇതിന്‍റെ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും, അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയുമാണ് സാധാരണ നടപടി ക്രമം. നിയമനടപടികൾ സ്വീകരിക്കുമ്പോഴും മദ്യപിച്ച് വാഹന മോടിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ നടപടി.
അതേസമയം, പൊലീസിന്‍റെ ഈ നടപടിക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. നിയമനടപടികൾ സ്വീകരിക്കേണ്ട സ്ഥാനത്ത് പൊലീസിന്‍റെ ഇത്തരം നടപടികൾ പ്രാകൃതമാണെന്നാണ് ഇവരുടെ വാദം.