Connect with us

KERALA

അന്ന് കിഫ്ബിയെ പരിഹസിച്ചവര്‍ ഇന്നത്തെ അനുഭവം നോക്കൂ. പണം ഇല്ലാത്തത് കൊണ്ട് മുടങ്ങിയ പല പദ്ധതികളും കിഫ്ബി വഴി പൂര്‍ത്തിയാക്കി

Published

on

തിരുവനന്തപുരം: ഒന്നാം ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് നാട്ടില്‍ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാറ്റവും ഇവിടെ വരില്ല എന്ന ശാപവാക്ക് ചിലരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ അവിടെ നിന്ന് കേരളം മാറി. ആ മാറ്റത്തിനാണ് 2016 ല്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ ജനം അധികാരമേല്‍പ്പിച്ചത്.
കേരളത്തിന് വിഭവശേഷി കുറവാണ്. ഖജനാവിന് ശേഷിക്കുറവ് ഉണ്ട്. വിഭവ സമാഹരണം അതിവേഗം നടക്കില്ല. വിഭവ സമാഹാരണത്തിനു കിഫ്ബി ഉപകരിച്ചു. അന്ന് കിഫ്ബിയെ പരിഹസിച്ചവര്‍ ഇന്നത്തെ അനുഭവം നോക്കൂ. പണം ഇല്ലാത്തത് കൊണ്ട് മുടങ്ങിയ പല പദ്ധതികളും കിഫ്ബി വഴി പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കാറില്ല. പുതിയ സംരംഭങ്ങള്‍ വരാന്‍ അത് കാരണമായി. കേരളം സ്റ്റാര്‍ട്ട്പ്പുകളുടെ പറുദീസയായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മുടെ നാട്ടിലെ സകല വികസനത്തേയും എതിര്‍ക്കണം എന്നതാണ് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും തീരുമാനം. അതിന് ആവുന്നത് എല്ലാം അവര്‍ ചെയ്യുന്നുണ്ട്. സര്‍ക്കാറിനോടുള്ള മതിപ്പ് ഇല്ലാതാക്കാന്‍ വികസനം മുടക്കിയാല്‍ മതിയല്ലോ എന്നാണ് അവരുടെ കണ്ടെത്തല്‍. ഭാവി മുന്നില്‍ കണ്ട്, സകല എതിര്‍പ്പിനെയും മറികടക്കും. അതിനെ ധാര്‍ഷ്ട്യം എന്നൊക്കെ ചിലര്‍ പറയും. ജനപിന്തുണ ഉള്ളിടത്തോളം മുന്നോട്ട് തന്നെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading