NATIONAL
കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍.എല്‍.ഡി.എഫിലേക്ക് പോയതിന്റെ പ്രത്യാഘാതം സംസ്ഥാന ഘടകം സ്വയം നേരിടണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂദല്‍ഹി : കേരള കോണ്‍ഗ്രസ് (എം)എല്‍ഡിഎഫിലേക്ക് പോയതിന്റെ പ്രത്യാഘാതം സംസ്ഥാന ഘടകം സ്വയം നേരിട്ടുകൊള്ളാന്‍ കോണ്ഗ്രസ് സംസ്ഥാന ഘടകത്തോട് ഹൈക്കമാന്‍ഡ്. ഇതില്‍ ദേശീയ നേതൃത്വം ഇടപെടില്ല.ജോസ് പക്ഷം യുഡിഎഫ് വിട്ടതിന്റെ ഗുണദോഷങ്ങള്‍ പരിശോധിക്കേണ്ടതും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതും സംസ്ഥാന ഘടകമാണെന്നും ഹൈക്കമാന്‍ഡ് പറഞ്ഞു.
അതേസമയം 2018-ല്‍ യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കിയതില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ഹൈക്കമാന്‍ഡ് വിമര്‍ശിച്ചു. സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദ്ദത്താലാണ് സീറ്റ് വിട്ടുനല്‍കിയതെന്നും കുറ്റപ്പെടുത്തി. സംസ്ഥാന നേതൃത്വത്തെ പൂര്‍ണ വിശ്വാസത്തിലെടുത്താണ് സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതെന്നും ഇപ്പോള്‍ ജോസ് കെ. മാണി രാജിവയ്ക്കുന്നതിലൂടെ രാജ്യസഭയില്‍ യുപിഎയുടെ അംഗബലം കുറയുന്നതു തിരിച്ചടിയാണെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയാല്‍ യുഡിഎഫ് ശക്തിപ്പെടും എന്നായിരുന്നു അന്നത്തെ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എം.എം. ഹസ്സനും അടക്കമുള്ളവര്‍ അറിയിച്ചത്. അന്നത്തെ ചര്‍ച്ചകളുടെ ഇടനിലക്കാരനായ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും അതിനെ ശരിവെച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്താനില്ല. കേരള കോണ്‍ഗ്രസിന്റെ (എം) മുന്നണിമാറ്റം യുഡിഎഫിനു ദോഷമുണ്ടാക്കില്ലെന്നു സംസ്ഥാനഘടകം അറിയിച്ചിട്ടുണ്ട്.
ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നതോടെ രാജ്യസഭ സീറ്റ് ഒഴിയുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന ഘടകത്തിനെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.