NATIONAL
ത്രിപുര മോഡല്‍ ദേശീയതലത്തില്‍ നടപ്പാക്കില്ലെന്ന് യച്ചൂരി

ന്യൂഡൽഹി:കോണ്‍ഗ്രസിന് കൈകൊടുത്ത ത്രിപുര മോഡല്‍ ദേശീയതലത്തില്‍ നടപ്പാക്കാൻ ഉദേശ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കോണ്‍ഗ്രസ് പങ്കാളിത്തത്തോടെ സര്‍ക്കാരുണ്ടാക്കണോയെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മുമായി സഹകരിക്കാന്‍ പരമാവധി വിട്ടുവീഴ്ച ചെയ്തതായി കോണ്‍ഗ്രസിന്‍റെ ഏക എംഎല്‍എ സുദിപ് റോയ് ബര്‍മന്‍ പറഞ്ഞു. മുഖ്യമന്ത്രിപദം തര്‍ക്കവിഷയമാകില്ല. രാഹുല്‍ ഗാന്ധി അടക്കം ദേശീയ നേതാക്കളോട് പ്രചാരണത്തിന് എത്താന്‍ അഭ്യര്‍ഥിച്ചിരുന്നതാണെന്ന് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിന് സുദിപ് റോയ് ബര്‍മന്‍ പ്രതികരിച്ചു.
ബിജെപിയും സിപിഎം – കോൺഗ്രസ് സഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. നാളെയാണു വോട്ടെടുപ്പ്. 60 സീറ്റുകളിൽ 36 എണ്ണം കഴിഞ്ഞ തവണ നേടിയ ബിജെപിക്ക് ഇത്തവണ സിപിഎം – കോൺഗ്രസ് സഖ്യം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി കഴിഞ്ഞ തവണ 8 സീറ്റ് നേടിയിരുന്നു. കഴിഞ്ഞ തവണ 16 സീറ്റാണ് സിപിഎമ്മിന് ലഭിച്ചത്.