KERALA
പിണറായി വിജയനും ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ടെന്ന് വിഡി സതീശൻ. പങ്കില്ലെങ്കിൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ടെന്ന് വിഡി സതീശൻ. അദ്ദേഹത്തിന്‍റെ ഓഫീസിൽ സർവ്വാധികാരത്തോടെ പ്രവർത്തിച്ചയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിലൂടെ പുറത്തു വരുന്നത് ഒന്നാം പിണറായി സർക്കാരിലെ മൂടിവയ്ക്കപ്പെട്ട അഴിമിതികളാണെന്നും സതീശൻ ആരോപിച്ചു.
കേരളത്തിലെ ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. കോഴ ഇടപാടിൽ പങ്കില്ലെങ്കിൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമല്ലാത്തതിനാലാണ് അദ്ദേഹം സിബിഐ അന്വേഷണത്തെ എതിർത്ത് സുപ്രീംകോടതിയെ സമീപിച്ചതെന്നും സതീശൻ പറഞ്ഞു.
ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ എം ശിവശങ്കർ കേസിലെ അഞ്ചാം പ്രതിയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നും ഇതിലൊരു ഭാഗം കോഴയായി ശിവശങ്കറിന് നല്‍കിയെന്നുമാണ് കേസ്. ലൈഫ് മിഷന്‍റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടിയാണ് യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചത്.ഇതില്‍ 14.5 കോടി രൂപ മാത്രം കെട്ടിട നിര്‍മാണത്തിന് വിനിയോഗിച്ചപ്പോള്‍ ബാക്കി നാലു കോടിയോളം രൂപ കോഴ നല്‍കിയെന്നാണ് സ്വപ്ന സുരേഷും സരിത്തും നേരത്തെ സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിരുന്നത്.