Crime
കോൺഗ്രസ് വക്താവ് പവൻ ഖേരയെ അറസ്റ്റുചെയ്തു.സുപ്രീം കോടതി പിന്നീട് ഇടക്കാല ജാമ്യം നൽകി.

ന്യൂഡൽഹി: റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് പോകാൻ നേതാക്കൾക്കൊപ്പം ഡൽഹി വിമാനത്താവളത്തിൽ എത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അറസ്റ്റുചെയ്തു. പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിലായിരുന്നു അറസ്റ്റ് . അസം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, അവർ ആവശ്യപ്പെട്ടത് പ്രകാരമാണ് അറസ്റ്റുചെയ്തതെന്നാണ് റിപ്പോർട്ട്.
അറസ്റ്റിന് മുമ്പ് അദ്ദേഹത്തെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ റൺവേ ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തു. കേസുള്ളതിനാൽ യാത്ര അനുവദിക്കാനാവില്ലെന്ന് ഇൻഡിഗോ വിമാനക്കമ്പനി പവൻ ഖേരയെ അറിയിച്ചു. തുടർന്ന് ലഗേജിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് തന്നെ പുറത്തിറക്കിയതെന്നും പുറത്തിറങ്ങിയപ്പോൾ റായ്പൂരിലേക്ക് പോകാനാവില്ലെന്നും ഡി സി പിക്ക് കാണണമെന്ന് പൊലീസ് പറഞ്ഞുവെന്നുമാണ് പവൻ ഖേര പറഞ്ഞത്.പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചതിന് പവൻ ഖേരയ്‌ക്കെതിരെ നേരത്തേ പൊലീസ് കേസെടുത്തിരുന്നു . അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിനിടെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസെടുത്തത്. നരേന്ദ്ര മോദിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയായിരുന്നു. പരാമർശം പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് ബി ജെ പി നേതാക്കളാണ് പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പവൻ ഖേരക്ക് സുപ്രീം കോടതി പിന്നീട് ഇടക്കാല ജാമ്യം നൽകി.