KERALA
പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണ്. ഉചിതമായ മറുപടി നൽകിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലുകിളിത്തിട്ടില്ല

തിരുവനന്തപുരം: പഴയ പിണറായി വിജയന്‍ എന്തായിരുന്നുവെന്ന് തന്നോട് ചോദിച്ചാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാദത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണ്. അതിന് ഉചിതമായ മറുപടി നൽകിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലുകിളിത്തിട്ടുമില്ലെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷ സന്നാഹങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് പിണറായി തന്റെ പഴയ കാലത്തെ കുറിച്ച് സുധാകരനോട് ചോദിച്ചാല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് ആവശ്യപ്പെട്ടത്. നിങ്ങള്‍ സര്‍വ്വസന്നാഹങ്ങളുമായി നില്‍ക്കുന്ന കാലത്ത് താന്‍ ഒറ്റത്തടിയുമായി നടന്നിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇത്ര പേടിയാണെങ്കില്‍ മുഖ്യമന്ത്രി വീട്ടില്‍ തന്നേ ഇരിക്കേണ്ടിവരുമെന്ന വി.ഡി.സതീശന്‍ പരിഹസിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. പഴയ വിജയനായിരുന്നെങ്കില്‍ പണ്ടേ ഇതിന് മറുപടി പറയുമായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറയുകണ്ടായി.
ഇത്ര വീരശൂര പരാക്രമിയാണ് പുതിയ പിണറായി വിജയനെങ്കില്‍ എന്തുകൊണ്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഇഡിക്കു വിട്ടുകൊടുക്കാത്തതെന്ന് കെ.സുധാകരന്‍ ചോദിച്ചു. ഇഡി ചോദ്യം ചെയ്താല്‍ കുരുക്കുമുറുകുന്നതു തനിക്കാണെന്ന് ഉത്തമബോധ്യമുള്ളതിനാലാണ് ഭീരുവായ മുഖ്യമന്ത്രി രവീന്ദ്രന്റെ സംരക്ഷണം ഏറ്റെടുത്തത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ഏറെനാള്‍ മുഖ്യമന്ത്രി സംരക്ഷിച്ചെങ്കിലും അന്വേഷണം ആഴങ്ങളിലേക്കു നീങ്ങിയപ്പോള്‍ കൈവിടേണ്ടി വന്നു. ഇതു തന്നെയാണ് രവീന്ദ്രന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നതെന്ന് സുധാകരന്‍ പറഞ്ഞു.
ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സിഎം രവീന്ദ്രനെ നിയമസഭയില്‍ തന്റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചെന്നും സുധാകരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.