NATIONAL
നിങ്ങളുടെ ജീവിത കാലത്ത് നിങ്ങള്‍ തന്നെ നിങ്ങളുടെ പേര് നല്‍കിയ സ്റ്റേഡിയത്തില്‍ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങുന്നത് ആത്മരതിയുടെ അങ്ങേയറ്റമാണ്.മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം പര്യടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. ആത്മരതിയുടെ അങ്ങേയറ്റമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പരിഹസിച്ചു.
പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കയറിയ ഇരു പ്രധാനമന്ത്രിമാരും കളിക്കളത്തിന് ചുറ്റും വലംവെച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ‘നിങ്ങളുടെ ജീവിത കാലത്ത് നിങ്ങള്‍ തന്നെ നിങ്ങളുടെ പേര് നല്‍കിയ സ്റ്റേഡിയത്തില്‍ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങുന്നത് ആത്മരതിയുടെ അങ്ങേയറ്റമാണ്’- ജയ്‌റാം രമേശ് ട്വിറ്ററില്‍ കുറിച്ചു.
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരം കാണാന്‍ സ്‌റ്റേഡിയത്തില്‍ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും രഥത്തില്‍ കയറി സ്‌റ്റേഡിയത്തില്‍ കറങ്ങിയത്. പിന്നീട് ഇരുടീമുകളുടെയും താരങ്ങള്‍ക്ക് ഇരു പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് ടെസ്റ്റ് മത്സരത്തിന്റെ തൊപ്പി കൈമാറി. ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഇന്നലെയാണ് അഹമ്മദാബാദില്‍ എത്തിയത്.