Crime
മോദിക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു. 100 പേർക്കെതിരെ കേസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം നടത്തി പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ വ്യാപകമായി കേസെടുത്ത് ഡൽഹി പൊലീസ്. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 100 എഫ്ഐആറുകളും പൊലീസ് രജിസ്റ്റർ ചെയ്തു.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു നാളുകളായി പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പോസ്റ്ററുകളിൽ അച്ചടിശാലകളുടെ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മോദിയെ പുറത്താക്കു നാടിനെ രക്ഷിക്കു എന്നായിരുന്നു പോസ്റ്ററിലെ വാചകം.
പ്രിന്‍റിംഗ് പ്രസ് ആക്‌ട്, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സ്പെഷ്യൽ സിപി ദീപേന്ദ്ര പഥക് പറഞ്ഞു. അതിനിടെ എഎപി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ഒരു വാന്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈ വാഹനത്തിൽ നിന്ന് പോസ്റ്ററുകൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.