Crime
കസ്റ്റഡിയിലെടുത്ത ആള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി

കൊച്ചി: വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി. മരിച്ച മനോഹരനെ മുഖത്തടിച്ച എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. മനോഹരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല നല്‍കി. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു.
ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന്‍ മനോഹരന്‍ (52) ആണ് ഇന്നലെ അര്‍ധരാത്രി മരിച്ചത്. ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവെച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തില്‍ വന്ന മനോഹരന്‍ പൊലീസ് കൈകാണിച്ചപ്പോള്‍ വണ്ടി അല്‍പ്പം മുന്നോട്ട് നീക്കിയാണ് നിര്‍ത്തിയത്. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
എസ്‌ഐ ജിമ്മി ജോസിന്റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന നടത്തിയിരുന്നത്. വാഹനം നിര്‍ത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മനോഹരനെ മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷിയായ വീട്ടമ്മ രമാദേവി പറഞ്ഞു. മനോഹരനെ പിടിച്ചയുടന്‍ മുഖത്തടിച്ചു. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താത്തത് എന്താണെന്ന് ചോദിച്ചായിരുന്നു മര്‍ദനം. മര്‍ദ്ദനമേറ്റു തളര്‍ന്ന മനോഹരനെ പൊലീസ് ഉന്തിത്തള്ളിയാണ് ജീപ്പില്‍ കയറ്റിയതെന്നും രമാദേവി വെളിപ്പെടുത്തി.