Connect with us

Crime

മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം. ലോകായുക്തയിൽ ഭിന്ന വിധി. ഹരജി ഫുൾ ബഞ്ചിന് വിട്ടു

Published

on

തിരുവനന്തപുരം:  ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ലോകായുക്ത ഒടുവിൽ വിധി പ്രഖ്യാപിച്ചു. ലോകായുക്തയിൽ ഭിന്ന വിധി ഉണ്ടായതിനാൽ ഫുൾ ബഞ്ചിലേക്ക് കേസ് മാറ്റാൻ ഉത്തരവിട്ടു. മൂന്നംഗങ്ങൾ ചേർന്ന ബഞ്ചിലാണ് ഹ രജി ഇനി പരിഗണിക്കുക.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിന് ഹാറൂൺ അൽ റഷീദും ചേർന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
കഴിഞ്ഞവർഷം മാർച്ച് 18ന് വാദം പൂർത്തിയായിട്ടും വിധി പറയാത്തതിനാൽ കേസിലെ ഹർജിക്കാരൻ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ് ശശികുമാർ കേരള ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് ലോകായുക്തയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് നടപടികൾ വേഗത്തിലാക്കി ഇന്ന് വിധിപറയുന്ന കൂട്ടത്തിൽ കേസ് വന്നത്.

അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചതിലും ചെങ്ങന്നൂരിൽ എംഎൽഎയായിരിക്കെ അന്തരിച്ച കെ.കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് കടം തീർക്കാൻ എട്ട് ലക്ഷം രൂപ അനുവദിച്ചതിലും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസർ പ്രവീണിന്റെ ഭാര്യയ്‌ക്ക് 20 ലക്ഷം രൂപ അനുവദിച്ചത് എന്നിങ്ങനെ നടപടികളിൽ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടെന്നും ഈ തുക അന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്ന് തിരിച്ചുപിടിക്കണമെന്നുമാണ് ഹ‌ർജി.അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനമൊഴിയണമെന്ന് പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത ഉത്തരവിലാണ് നേരത്തെ ബന്ധുനിയമന കേസിൽ കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവച്ചത്‌.കേസ് വാദത്തിനിടെ, ലോകായുക്തയുടെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസിറക്കി. ഗവർണർ ഇതിൽ ഒപ്പിട്ടെങ്കിലും പകരമുള്ള ബില്ലിന് പക്ഷെ അംഗീകാരം നൽകിയിട്ടില്ല. ബിൽ നിയമമാവാത്തതിനാൽ പതിനാലാം വകുപ്പ് പുന:സ്ഥാപിക്കപ്പെട്ടു. അധികാരം വെട്ടിക്കുറച് ഓർഡിനൻസ് വന്നതോടെ, ഉത്തരവിറക്കുന്നത് ലോകായുക്ത ഒരുവർഷമായി മാറ്റിവച്ചു. പിന്നീടാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്.

Continue Reading