Crime
എനിക്കെതിരെ കള്ളത്തരം പറഞ്ഞ് പ്രചരിപ്പിച്ച് ജയിച്ചയാൾ രാജിവയ്ക്കാൻ ഞാൻ പറയുന്നില്ല. പക്ഷേ ഉളുപ്പുണ്ടെങ്കിൽ ഒരു മാപ്പെങ്കിലും പറയണം.

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സകാത്ത് വിഹിതം നൽകരുതെന്ന് പറഞ്ഞതുമുതലാണ് താൻ കള്ളനും കുഴപ്പക്കാരനുമായതെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ഒരു റമദാനിലാണ് തനിക്കെതിരെ കേസെടുത്തതെന്നും മറ്റൊരു റമദാനിൽ അതിൽ നിന്ന് വിടുതൽ നേടുന്നത് സന്തോഷകരമാണെന്നും ഷാജി പറഞ്ഞു. അഴീക്കോട് മണ്ഡലത്തിൽ തന്റെ പരാജയത്തിന് കാരണം ഈ കള്ളക്കേസായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ദുരിതാശ്വാസ നിധി പോലെ ഒട്ടും ക്രഡിബിൾ അല്ലാത്ത നിധിയിലേക്ക് സകാത്ത് ആവശ്യപ്പെട്ടപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു. അന്ന്, ആ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്ക് മുമ്പിൽ എടുത്ത് വായിച്ച് ആറാടിക്കളിച്ചു. അവിടുന്നാണ് ഈ കേസ് തുടങ്ങുന്നത്. ഷാജി കള്ളനും കുഴപ്പക്കാരനുമാകുന്നത്. സകാത്തിന്റെ പേര് പറഞ്ഞ് ഞാൻ തുടങ്ങിയ പ്രശ്‌നത്തിൽ എനിക്ക് വിടുതൽ കിട്ടിയതും ഒരു റമദാനിലാണ്. ദുരിതാശ്വാസ നിധി കുഴപ്പമാണ് എന്നു ഞാൻ പറഞ്ഞു. അതിന്റെ കേസുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഞാൻ പുറത്തുമായി.”തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കള്ളക്കേസുണ്ടാക്കി എന്നെ പീഡിപ്പിച്ചത്. നേരിയ ഭൂരിപക്ഷത്തിന് ജയിക്കുന്നൊരു മണ്ഡലത്തിൽ ഞാൻ തോറ്റതിന് പിന്നിൽ ഈ കള്ളക്കേസാണ്. എനിക്കെതിരെ കള്ളത്തരം പറഞ്ഞ് പ്രചരിപ്പിച്ച ഒരാൾ ജയിക്കുകയും ചെയ്തു. അയാളുടെ വിജയത്തിലെ സാംഗത്യവും ധാർമികതയും സിപിഎം പരിശോധിക്കണം. അയാളോട് രാജിവയ്ക്കാൻ ഞാൻ പറയുന്നില്ല. പക്ഷേ ഉളുപ്പുണ്ടെങ്കിൽ ഒരു മാപ്പെങ്കിലും പറയണം.’- കെ എം ഷാജി പറഞ്ഞു.