Crime
അതിഖ് അഹമ്മദിന്റേതും സഹോദരന്‍ അഷ്റഫ് അഹമ്മദിന്റേതും കൊലപാതകത്തില്‍ കലങ്ങിമറിയുന്ന യു.പി രാഷ്ട്രീയം

ലഖ്നൗ: സമാജ്വാദി പാര്‍ട്ടി മുന്‍ എം.പിയും ഗുണ്ടാ തലവനുമായ അതിഖ് അഹമ്മദിന്റേതും സഹോദരന്‍ അഷ്റഫ് അഹമ്മദിന്റേതും കൊലപാതകത്തില്‍ കലങ്ങിമറിയുകയാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം. കനത്ത പോലീസിന്റെ സുരക്ഷയിലിരിക്കെ പൊതുയിടത്തില്‍ വെച്ച് രണ്ടുപേര്‍ വെടിയേറ്റു കൊല്ലപ്പെട്ടുവെങ്കില്‍ സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ എന്താണ് എന്നാണ് ഉയരുന്ന ചോദ്യം. അതേസമയം നന്മ – തിന്മകളുടെ ഫലം ഈ ലോകത്ത് വെച്ച് തന്നെ നല്‍കപ്പെടും എന്നായിരുന്നു യു.പി മന്ത്രിയുടെ മറുപടി.
കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ പരിശോധനക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍വെച്ചാണ് അതിഖും സഹോദരന്‍ അശ്‌റഫും കൊലപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയവര്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ പോലീസുകാര്‍ ഇരുവര്‍ക്കും സുരക്ഷയ്ക്കായി ഉണ്ടായിരുന്നുവെങ്കിലും നോക്കുകുത്തിയാകാനേ സാധിച്ചുള്ളൂ. സംഭവ സ്ഥലത്തുവെച്ചു തന്നെ രണ്ടുപേരും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.
‘കുറ്റകൃത്യം അതിന്റെ കൊടുമുടിയില്‍ എത്തിനില്‍ക്കുമ്പോള്‍, ഇതാണ് പ്രകൃതിയുടെ നിയമം’ എന്നായിരുന്നു യു.പി. മന്ത്രിയും ബി.ജെ.പി. നേതാവുമായ സുരേഷ് കുമാര്‍ ഖന്നയുടെ പ്രസ്താവന.
അതിഖ് അഹമ്മദിന്റേയും അശ്‌റഫിന്റേയും കൊലപാതകത്തില്‍, പ്രതികള്‍ക്കെതിരേ കടുത്ത നടപടി ഉണ്ടാകുമെന്നും ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും ബി.ജെ.പി. എം.പി. സുബ്രത് പതക് പറഞ്ഞു.
കൊലപാതകത്തില്‍ രൂക്ഷവിമര്‍ശനമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിയമവാഴ്ചയിലുണ്ടായ വീഴ്ചയെ വിമര്‍ശിക്കുകയും ചെയ്തു.
‘ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ അതിന്റെ കൊടുമുടിയില്‍ എത്തിനില്‍ക്കുകയാണ്, സദാചാര കുറ്റവാളികളും വര്‍ധിക്കുന്നു. പോലീസിന്റെ സുരക്ഷയിലുള്ളവരെ പൊതുയിടത്തില്‍വെച്ച് ചിലര്‍ വെടിവെച്ചു കൊല്ലുന്നുവെങ്കില്‍, സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ എന്തായിരിക്കും? സംഭവം ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നതാണ്. മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്’ – അഖിലേഷ് യാദവ് പറഞ്ഞു.
യു.പിയില്‍ ഉണ്ടായ കൊലപാതകം യോഗിയുടെ ഏറ്റവും വലിയ ക്രമസമാധാന പരാജയമാണ്. എന്‍കൗണ്ടര്‍ രാജ് ആഘോഷിക്കുന്നവര്‍ക്കും ഇതില്‍ തുല്യ പങ്കുണ്ടെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തു.
യുപിയിലെ രണ്ട് കൊലപാതകങ്ങള്‍; ആതിഖ് അഹമ്മദും സഹോദരന്‍ അശ്‌റഫും, ക്രമസമാധാനവും – കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.