Connect with us

Life

വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് ആവശ്യമില്ലെന്ന് സുപ്രീം കോടതി.

Published

on

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്ന് സുപ്രീം കോടതി. നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ഈ കാലാവധി ഒഴിവാക്കുക. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജീവനാംശം, കുട്ടികളുടെമേലുള്ള അവകാശം എന്നിവ നിർണയിക്കുന്നത് സംബന്ധിച്ചും കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രീം കോടതി വിവാഹമോചനം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ദാമ്പത്യം വീണ്ടെടുക്കാനാകാത്ത തകര്‍ച്ചയിലെത്തിയാല്‍ വിവാഹബന്ധം വേര്‍പെടുത്താമെന്ന് കോടതി വ്യക്തമാക്കി.ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനുള്ള നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ചിലേയ്ക്ക് പരാമര്‍ശിച്ച കേസിലെ പ്രധാന പ്രശ്‌നം. ഏഴ് വർഷം മുമ്പ് ജസ്റ്റിസുമാരായ ശിവകീർത്തി സിങ്, ആർ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയത്. തുടർന്ന് വാദം കേട്ട ശേഷം ഭരണഘടനാ ബെഞ്ച് 2022 സെപ്റ്റംബർ 29ന് വിധി പറയാൻ മാറ്റിയിരുന്നു.

Continue Reading