Connect with us

Gulf

കേന്ദ്രം കണ്ണുരുട്ടിയതോടെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാന്‍ സര്‍ക്കാര്‍

Published

on

തിരുവനന്തപുരം :കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാന്‍ സര്‍ക്കാര്‍.

ചീഫ് സെക്രട്ടറി, ടൂറിസം, നോര്‍ക്ക സെക്രട്ടറിമാര്‍, സര്‍ക്കാരിന്റെ ദില്ലിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയയ്ക്കാനാണ് തീരുമാനം. കേന്ദ്ര തീരുമാനത്തോടെ ജൂണിലെ അമേരിക്കന്‍ യാത്രയുടെ ഭാവിയെക്കുറിച്ചും ചര്‍ച്ച സജീവമാണ്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ഉറപ്പായതോടെ യുഎഇയില്‍ മുഖ്യമന്ത്രിക്ക് നല്‍കാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കി. സ്വീകരണ പരിപാടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. മെയ് ഏഴിന് യുഎഇയിലെത്തുന്ന മുഖ്യമന്ത്രിക്കായി രണ്ട് സ്വീകരണ പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്. മെയ് ഏഴിന് വൈകിട്ട് അബുദാബിയിലും പത്തിന് ദുബായിലുമായിരുന്നു പരിപാടികള്‍. സിപിഎം ആഭിമുഖ്യമുള്ള സംഘടനകള്‍ക്കായിരുന്നു സ്വീകരണ പരിപാടികളുടെ ഏകോപനവും മേല്‍നോട്ട ചുമതലയും. അബുദാബിയിലും ദുബായിലും സംഘാടക സമിതിയും രൂപീകരിച്ചു.

യുഎഇയിലെ പ്രമുഖ വ്യവസായികളും ഇടത് അനുഭാവമുള്ള സംഘടനാ പ്രതിനിധികളും ലോകകേരള സഭാംഗങ്ങളുമായിരുന്നു സംഘാടക സമിതി അംഗങ്ങള്‍. മെയ് ഏഴിന് അബുദാബി നാഷനല്‍ തിയറ്ററില്‍ മുഖ്യമന്ത്രി പ്രവാസ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലായിരുന്നു സ്വീകരണം നിശ്ചയിച്ചിരുന്നത്. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിത്തോട് അനുബന്ധിച്ച്‌ സര്‍ക്കാരിന്‍റെ നേട്ടങ്ങളും ഭാവി പദ്ധതികളും പ്രവാസികളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സ്വീകരണ പരിപാടികള്‍ ഒരുക്കിയത്.

രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായിട്ടാണ് യുഎഇയില്‍ പ്രവാസികളെ അഭിസംബോധന ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കാതെ വന്നതോടെ പൗരസ്വീകരണം നടത്താനുള്ള നീക്കം പാളി. ഇതോടെ പൗരസ്വീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിവച്ചതായി സംഘാടകര്‍ പ്രഖ്യാപിച്ചു. പുതുക്കിയ തിയതി അറിയിക്കാതെയായിരുന്നു ഇത് സംബന്ധിച്ചുള്ള വിശദീകരണക്കുറിപ്പ്. അവസാന ഘട്ടത്തില്‍ പൗരസ്വീകരണം ഒഴിവാക്കി നിക്ഷേപകസംഗമത്തിന് മാത്രമായി മുഖ്യമന്ത്രി യാത്രാ അനുമതി തേടിയെങ്കിലും അതും വിജയിച്ചില്ല.

Continue Reading