Connect with us

KERALA

അരിക്കൊമ്പൻ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് തിരിച്ചെത്തി.ചിന്നക്കനാലിലേക്ക് തിരികെ എത്തുമോ എന്ന് ആശങ്ക

Published

on

ഇടുക്കി: അരിക്കൊമ്പൻ കേരള- തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിൽ തന്നെ തുടരുകയാണെന്ന് റിപ്പോർട്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും വനമേഖലയിൽ നിന്ന് വനംവകുപ്പിന് സിഗ്നലുകൾ ലഭിക്കുന്നുണ്ട്. ആന പലഭാഗത്തായി സഞ്ചരിക്കുന്നുണ്ടെന്നാണ് ഇതെന്നാണ് വനംവകുപ്പ് പറയുന്നത്. നിരീക്ഷണത്തിനായി നിയോഗിച്ച സംഘം മംഗളാദേവി ഭാഗത്തെ മലനിരകളിൽ അരിക്കൊമ്പനെ നേരിട്ട് കാണുകയും ചെയ്തു. ഇന്നലെ തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്പൻ തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തുകയായിരുന്നു. ഇവിടെയാണ് കഴിഞ്ഞ ദിവസം അരിക്കൊമ്പനെ ഇറക്കി വിട്ടിരുന്നത്.
മംഗളദേവി ഉത്സവം നടക്കുന്നതിനാൽ ഈ ഭാഗത്ത് കൂടുതൽ വനപാലകരെ നിയോഗിച്ചിട്ടുണ്ട്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ചൊവ്വാഴ്ച പുലർച്ചെ മുതൽ ലഭിക്കാതിരുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരെ കടുത്ത ആശങ്കയിലാക്കിയിരുന്നു. എന്നാൽ ഇന്നലെ രാവിലെയോടെ വീണ്ടും സിഗ്നലുകൾ ലഭിക്കുകയായിരുന്നു

അതിനിടെ, അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിലേക്ക് തിരികെ എത്തുമോ എന്ന ആശങ്ക കനക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു പേടിയും വേണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. റേഡിയോ കോളർ ഉള്ളതിനാൽ ആനയുടെ ചലനം അറിയാൻ ആവുമെന്നും അങ്ങനെ മടങ്ങിവരവ് തടയാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അരിക്കൊമ്പന്റെ നീക്കങ്ങൾ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും സൂക്ഷ്മമായ നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ജനവാസ മേഖലകളിലേക്ക് കടന്നാൽ കേരളത്തിലേക്ക് ഓടിച്ചു വിടാനാണ് അവരുടെ തീരുമാനം. അങ്ങനെയെങ്കിൽ അരിക്കൊമ്പൻ ചിന്നക്കനാലിൽത്തന്നെ തിരിച്ചെത്താൻ സാദ്ധ്യത ഏറെയാണ്.ഏറെദൂരം സഞ്ചരിക്കുന്ന അരിക്കൊമ്പൻ ചിന്നക്കനാൽ മേഖലയിലേക്ക് മടങ്ങിയെത്തുന്നത് തടയണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. അരിക്കൊമ്പനെ പിടികൂടി ആനക്കൂട്ടിലേക്ക് മാറ്റുന്നതിനെതിരെ തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽസ് ഉൾപ്പെടെ നൽകിയ ഹർജികളിലാണ് വനം വകുപ്പ് റിപ്പോർട്ടു നൽകിയത്. അരിക്കൊമ്പന്റെ വലതു കണ്ണിന് ഭാഗികമായി കാഴ്‌ചയില്ലെന്നും വനംവകുപ്പിന്റെ ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി പെരിയാർ കടുവാസങ്കേതത്തിലേക്ക് മാറ്റിയ നടപടികൾ വ്യക്തമാക്കി സമർപ്പിച്ച റിപ്പോർട്ടിലാണിത്.അരിക്കൊമ്പനെ പിടികൂടുമ്പോൾ രണ്ടു ദിവസം പഴക്കമുള്ള ഒരു മുറിവ് തുമ്പിക്കൈയുടെ മുൻവശത്ത് താഴെയായി കണ്ടെത്തിയിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റതാവാം. ഇതിനു ചികിത്സ നൽകിയാണ് കാട്ടിലേക്ക് വിട്ടത്. പെരിയാർ കടുവാ സങ്കേതത്തിൽ കോക്കാറ ഗേറ്റിൽ നിന്ന് 18 കിലോമീറ്റർ അകത്ത് ഉൾവനത്തിലാണ് ഇറക്കിവിട്ടത്.

Continue Reading