Connect with us

NATIONAL

കർണാടക മുഖ്യമന്ത്രിയെ ഇന്നു രാത്രി പ്രഖ്യാപിക്കും

Published

on

ബംഗളുരു: കർണ്ണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയോ പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറാണോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമാവും. ഇന്നു രാത്രി എഐസിസി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. തീരുമാനത്തിന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം ഇന്നലെ നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗം പാസാക്കിയിരുന്നു. രാഹുൽ ഗാന്ധിയുമായി ഇന്നു ഡൽഹിയിൽ ചർച്ച നടത്തിയശേഷമാകും പ്രഖ്യാപനം. ഡൽഹിയിൽ തിരിച്ചെത്തിയ ഖർഗെ ഇന്നലെത്തന്നെ സോണിയ ഗാന്ധിയുമായി ഫോണിൽ ചർച്ച നടത്തി. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണു നിലവിലെ തീരുമാനം.

നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുത്ത എഐസിസി നിരീക്ഷകർ ഓരോ എംഎൽഎയോടും നേരിട്ടുസംസാരിച്ച് അഭിപ്രായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഖർഗെയ്ക്കു റിപ്പോർട്ട് നൽകും. സിദ്ധരാമയ്യ ഇന്നു വൈകിട്ട് ഡൽഹിയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. എന്നാൽ ‍ഡൽഹിയിൽ പോകണോ എന്നു തീരുമാനിച്ചിട്ടില്ലെന്നാണ് ശിവകുമാറിന്റെ പ്രതികരണം. ബെംഗളൂരുവിലെ ഹോട്ടലിൽ ഡി.കെ.ശിവകുമാർ എംഎൽഎമാരുമായി ചർച്ച നടത്തുകയാണ്.

ജനകീയതയും പ്രായവും കണക്കിലെടുത്തു സിദ്ധരാമയ്യയെ (75) മുഖ്യമന്ത്രിയാക്കാനാണു സാധ്യതയെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാനായി ശിവകുമാർ (60) തൽക്കാലം പിസിസി പ്രസിഡന്റായി തുടരുന്നതാണ് ഉചിതമെന്നും വിലയിരുത്തലുണ്ട്. ഇരുനേതാക്കൾക്കും സ്വീകാര്യമായ തീരുമാനത്തിനാണു നേതൃത്വം ശ്രമിക്കുന്നത്.

.

Continue Reading