Connect with us

Crime

പ്രതിഷേധിക്കാനോ പ്രതികരിക്കാനോ അവകാശമില്ലാത്ത നാടായി കേരളം മാറിയോയെന്നു കെസിബിസി

Published

on

കൊച്ചി: ജനങ്ങളുടെ ആശങ്ക അറിയിക്കുമ്പോള്‍ പ്രകോപനപരമെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പള്ളി. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ അവകാശമില്ലാത്ത നാടായി കേരളം മാറിയോയെന്നും കെസിബിസി വക്താവ് ചോദിച്ചു. കാട്ടുപോത്ത് ആക്രമണത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.  

സാധാരണ ജനങ്ങളുടെ വികാരമാണ് കെസിബിസി പ്രകടിപ്പിച്ചത്. ഇത് സര്‍ക്കാരിനുള്ള വെല്ലുവിളിയല്ല.  മാന്യമായാണ് കെസിബിസി പ്രതികരിച്ചത്. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ട സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുണ്ടെങ്കില്‍ അതു തിരുത്തപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും പലക്കാപ്പള്ളി പറഞ്ഞു.

കാട്ടുപോത്ത് ആക്രമണത്തില്‍ കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണമെന്നുമാണ് എ.കെ. ശശീന്ദ്രന്‍ രാവിലെ പറഞ്ഞത്. സര്‍ക്കാരിനോട് ഏറ്റുമുട്ടലിന് ചിലര്‍ നിരന്തരം ശ്രമിക്കുന്നു. മരിച്ചുപോയവരെ വെച്ച് ചിലര്‍ ഈ സന്ദര്‍ഭത്തില്‍ വിലപേശുകയാണ്. ഇതിനെ രാഷ്ട്രീയമായി കാണുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന സമീപനം കെസിബിസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞിരുന്നു. 

Continue Reading