Gulf
ഇതാണ് റിയല്‍ ദ കേരള സ്‌റ്റോറി: ഹജ്ജ് കര്‍മ്മത്തിന് പോകുന്ന പ്രവാസി വ്യവസായിക്ക് യാത്രാമംഗളം നേര്‍ന്ന് ക്ഷേത്ര കമ്മറ്റി

തലശ്ശേരി- പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഗള്‍ഫിലെ പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദ്ദീന് ആശംസ അര്‍പ്പിച്ച് പാനൂരിനടുത്ത് മൊകേരി പുത്തന്‍പുര ശ്രീ മുത്തപ്പന്‍ മടപ്പുര ആഘോഷ കമ്മിറ്റി. ദ കേരള സ്റ്റോറിയിലൂടെ മതഭ്രാന്തിന്റെ വന്‍ മതിലുയര്‍ത്തുന്നവര്‍ക്കുള്ള മുന്നിറിയിപ്പ് കൂടിയായി ക്ഷേത്ര മുറ്റത്തെ മത സാഹോദര്യത്തിന്റെ ഈ ഫ്‌ളക്‌സ് ബോര്‍ഡ്.
ജാതി-മത ചിന്തക്കള്‍ക്ക് അപ്പുറം മനുഷ്യ സ്‌നേഹത്തിന്റെ വിലയെന്തെന്ന് കാട്ടിക്കൊടുക്കുന്ന ഈ ആശംസ ബാനര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
മുത്തപ്പന്‍ മടപ്പുര ക്ഷേത്രമുറ്റത്ത് തന്നെയാണ് സൈനുല്‍ ആബിദീനും കുടുംബത്തിനും യാത്രാ മംഗളങ്ങള്‍ നേര്‍ന്നു കൊണ്ടുള്ള ബാനര്‍ ഉയര്‍ത്തിയിരിക്കുന്നത്. എല്ലാം വര്‍ഗീയതയുടെ കണ്ണിലൂടെ കാണുന്ന വര്‍ത്തമാന കാലത്ത് സ്‌നേഹത്തിന്റെയും, മാനവികിത യുടെയും സന്ദേശമാവുകയാണ് ഈ ക്ഷേത്ര കമ്മിറ്റി.
ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന് നവ മാധ്യമങ്ങളില്‍ കമന്റ് നിറയുകയാണ്. ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന സഫാരി ഗ്രൂഫ് ഓഫ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ പദവി കൈയ്യാളുന്ന സൈനുല്‍ ആബിദീന്‍ തികഞ്ഞൊരു മതേതരവാദികൂടിയാണ്. ജീവകാരുണ്യ പ്രവര്‍ത്തകന്‍കൂടിയായ ഇദ്ദേഹം ക്ഷേത്രങ്ങളുടെ പുനരുദ്ധാരമുള്‍പ്പെടെയുള്ള പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ വലിയ സംഭവാനകള്‍ തന്നെ ചെയ്ത് തന്റെ സഹോദരമതത്തെ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന വ്യക്തികൂടിയാണ്. പെരിങ്ങത്തൂര്‍ എന്‍.എ എം കോളേജ് മാനേജ് മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍, സുപ്രഭാതം ദിനപത്രം വൈസ് ചെയര്‍മാന്‍, തലശ്ശേരി സി.എച്ച് സെന്റര്‍ പ്രസിഡണ്ട് , തുടങ്ങിയ സ്ഥാനങ്ങള്‍ കൂടി വഹിക്കുന്ന സൈനുല്‍ ആബിദീന്‍ എന്ന നാട്ടുകാരുടെ ആബിദ്ക്ക ഈ മാസം 18നാണ് കുടുംബത്തോടൊപ്പം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നത്.