Crime
നിഖിൽ തോമസിന്റെ കോളേജ് പ്രവേശനത്തിനായി സി പി എം നേതാവ് ശുപാർശ ചെയ്‌തിരുന്നു.പേര് വെളിപ്പെടുത്താൻ സാധിക്കില്ല

ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിന്റെ കോളേജ് പ്രവേശനത്തിനായി സി പി എം നേതാവ് ശുപാർശ ചെയ്‌തിരുന്നുവെന്ന് എം എസ് എം കോളേജ് മാനേജർ ഹിലാൽ ബാബു. മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന നേതാവാണ് ശുപാർശ ചെയ്തതെന്നും രാഷ്‌ട്രീയ ഭാവി നഷ്‌ടമാകുമെന്നുള്ളതിനാൽ പേര് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സർട്ടിഫിക്കറ്റ് വിവാദത്തിൽ അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടോയെന്ന് പരിശോധിച്ചിട്ട് പറയാം. സർവകലാശാലയാണ് സർട്ടിഫിക്കറ്റ് തരുന്നത്. പരിശോധിക്കേണ്ടത് സർവകലാശാലയാണെന്നും ഹിലാൽ ബാബു പറഞ്ഞു. വ്യാജ രേഖ പരിശോധിക്കുന്നതിനുള്ള സംവിധാനം കോളേജിനില്ലെന്ന് അദ്ധ്യാപകരും വ്യക്തമാക്കി.നിഖിൽ കായംകുളം എം എസ് എം കോളേജിൽ വ്യാജ ബിരുദം കാട്ടി എം കോമിന് പ്രവേശനം നേടിയതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. സിൻഡിക്കേറ്റംഗമായ ആലപ്പുഴയിലെ സി പി എം നേതാവാണ് നിഖിലിന് പ്രവേശനം നൽകാൻ കോളേജിൽ ശുപാർശ ചെയ്തതെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ എച്ച് ബാബുരാജിനെതിരെയാണ് കെ എസ് യുവിന്റെ ആരോപണം.