HEALTH
കൊവിഡ് വാക്സിൻ: മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും വിവരം നൽകണമെന്ന് കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ കൈമാറാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ. സർക്കാർ- സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തിരിക്കുന്നത്. കൊവിഡ് വാക്സിൻ സുരക്ഷിതമാണെന്ന് വ്യക്തമായാലുടൻ ആരോഗ്യ പ്രവർത്തകർക്ക് അത് നൽകാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് വിവര ശേഖരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.സർക്കാർ- സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്കാവും ആദ്യം വാക്സിൻ നൽകുക. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ സൗജന്യമായാവും വാക്സിൻ നൽകുകയെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗങ്ങളിൽ പങ്കെടുത്ത ഒഡീഷയിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.രാജ്യത്തെ 20-25 ലക്ഷം പേർക്ക് ജൂലൈയോടെ കൊവിഡ് വാക്സിൻ നൽകാനാണ് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്. അടുത്ത വെള്ളിയാഴ്ചയ്ക്കകം മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും വിവരങ്ങൾ കൈമാറണമെന്നാണ് കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുള്ളത്.