HEALTH
ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണം.സ്വയം ചികിത്സ പാടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ പനിയെ നിസ്സാരമായി കാണരുത്.. സ്വയം ചികിത്സ പാടില്ല. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരിശോധനകൾ വർധിപ്പിക്കേണ്ടതാണ്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പുവരുത്തണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിങ് സെൽ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ പ്രവർത്തനങ്ങൾ ശക്തമാക്കണം. വെക്ടർ കൺട്രോൾ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. ആരോഗ്യ പ്രവർത്തകർ മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. ആശുപത്രിയിൽ നിന്ന് രോഗം പകരാതിരിക്കാനുള്ള നടപടി ആവശ്യമാണ്. തദ്ദേശസ്ഥാപന പ്രതിനിധികളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തണമെന്നും ഒഴിവുള്ള തസ്തികകളിൽ മുഴുവൻ നിയമനം നടത്തണമെന്നും മന്ത്രി നിർദേശം നൽകി.
ഇൻഫ്‌ളുവൻസ പ്രതിരോധത്തിന് പ്രായമായവർ, ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ മാസ്‌ക് വയ്ക്കുന്നതാണ് അഭികാമ്യമെന്ന് മന്ത്രി പറഞ്ഞു. പനിയുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു..