Crime
അത്യന്തം നാടകീയ നീക്കങ്ങൾക്കുശേഷം അറസ്റ്റ്. ഒരു ഫോട്ടോ പോലും പുറത്തുവരാതിരിക്കാൻ പൊലീസിന്റെ തത്രപ്പാട്

കോഴിക്കോട്: ഒളിവിൽ പോയി പതിനഞ്ചുദിവസത്തിനുശേഷം വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ വിദ്യയെ അറസ്റ്റുചെയ്തെങ്കിലും അവരെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചുള്ള ഒരുവിവരവും പുറത്തുവിടാതെ പൊലീസ്. അത്യന്തം നാടകീയ നീക്കങ്ങൾക്കുശേഷമായിരുന്നു അറസ്റ്റ്. വിദ്യ എവിടെയാണെന്ന് പൊലീസിന് നേരത്തേ തന്നെ വ്യക്തമായിരുന്നു. എന്നാൽ പിടികൂടാനുള്ള ഒരു നീക്കവും ഉണ്ടായില്ല. ഒടുവിൽ അതീവ രഹസ്യമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു..
സി പി എം ശക്തി കേന്ദ്രത്തിൽ നിന്നാണ് വിദ്യയെ പിടികൂടിയതെന്നാണ് റിപ്പോർട്ട്. അതിനാൽ ഒളിത്താവളം പൊലീസിനും പാർട്ടി നേതാക്കൾക്കും അറിയാമായിരുന്നു എന്ന സംശയം ശക്തമാവുകയാണ്. കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഒരു കേസായിട്ടും അതിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്ന ഒരു ചിത്രംപോലും പുറത്തുവരാതിരിക്കാൻ പൊലീസ് ശ്രമിക്കുകയും ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് പോലും അറസ്റ്റുകഴിഞ്ഞതിനുശേഷമാണ് വിവരം അറിഞ്ഞതെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
. വിദ്യയെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കൈമലർത്തിയ പൊലീസ് മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിയായ സുഹൃത്തിന്റെ കോഴിക്കോട് പേരാമ്പ്ര കുട്ടോത്ത് വീട്ടിൽ നിന്നാണ് ഇന്നലെ വിദ്യയെ പിടികൂടിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. മേപ്പയൂരിൽ നിന്ന് 15 കിലോമീറ്റർ അകലെ മലപ്പുറം അതിർത്തിയായ പേരാമ്പ്രയ്ക്ക് സമീപം കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിലായിരുന്നുവിദ്യ. ഇവിടെ നിന്ന് പുറത്തേക്ക് വന്ന സമയത്താണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കെ.വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെയോടെ പാലക്കാട്ടെത്തിച്ചശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജിലെ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്കു മാറ്റിയിരുന്നു.