NATIONAL
കർണാടക ഒരു തുടക്കം മാത്രം, പ്രതിപക്ഷം ഒറ്റകെട്ടായി ബിജെപിയെ തോൽപ്പിക്കാൻ പോവുന്നു

പട്ന: പ്രതിപക്ഷ പാർട്ടികൾ ഒന്നു ചേർന്ന് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക വിജയം ഇതിന്‍റെ തുടക്കമായിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ബിഹാറുകാർ നൽകിയത് വലിയ പിന്തുണയാണെന്നും രാഹുൽ പ്രതികരിച്ചു.പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാനായാണ് രാഹുൽ പട്നയിലെത്തിയത്.
ഇന്ത്യയെ വിഭജിക്കാനും വിദ്വേഷവും അക്രമണവും പ്രചരിപ്പിക്കുവാനുമാണ് ബിജെപിയുടെ ശ്രമം. രാജ്യത്തെ ഒരുമിപ്പിക്കാനും സ്നേഹം പ്രചരിപ്പിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
എല്ലാ പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുണ്ടെന്നും നമ്മൾ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ പ്രധാനമന്ത്രിയടക്കം എത്തി വലിയ പ്രചരണങ്ങൾ നടത്തി. എന്നാൽ ജനങ്ങൾ കോൺഗ്രസിനൊപ്പമായിരുന്നു. ഇനി വരുന്ന തെലങ്കാന, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗഡ് തുടങ്ങി എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.”