NATIONAL
എക സിവിൽ കോഡ് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെ അർദ്ധരാത്രി യോഗം ചേർന്ന് മുസ്ലീം വ്യക്തി നിയമബോർഡ്.

ന്യൂഡൽഹി: എക സിവിൽ കോഡ് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെ അർദ്ധരാത്രി യോഗം ചേർന്ന് മുസ്ലീം വ്യക്തി നിയമബോർഡ്. സിവിൽ കോഡ് വിഷയത്തിൽ മോദിയുടെ നിലപാടുകളെ എതിർക്കാനാണ് ബോർഡിന്റെ തീരുമാനം.
ഓൺലൈനായിട്ടാണ് മുസ്ലീം ലോ ബോർഡിന്റെ യോഗം നടന്നത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ ഏക സിവിൽ കോഡിന്റെ നിയമ വശങ്ങൾ ചർച്ച ചെയ്തു. തുടർന്ന് നിയമ കമ്മീഷന് മുമ്പാകെ തങ്ങളുടെ നിലപാടറിയിക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു. ഏക സിവിൽ കോഡിനെ എതിർക്കാനുള്ള കാരണം കമ്മീഷന് നൽകുന്ന രേഖയിൽ വിശദീകരിക്കും.കുടുംബത്തിലെ ഒരംഗത്തിന് ഒരു നിയമവും മറ്റൊരാൾക്ക് മറ്റൊന്നുമായാൽ വീട് പുലരില്ല. അതുപോലെ രണ്ടു തരം വ്യവസ്ഥകളുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാനാകുമെന്ന് മോദി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.”ഭരണഘടന എല്ലാവർക്കും തുല്യ അവകാശം ഉറപ്പാക്കുന്നുണ്ട്. ഏകസിവിൽ കോഡ് കൊണ്ടുവരാൻ സുപ്രീംകോടതിയും ആവശ്യപ്പെട്ടതാണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരിലാണ് ചില പാർട്ടികൾ ഏക സിവിൽ കോഡിനെ എതിർക്കുന്നത്. ബി ജെ പിക്ക് മേൽ മുസ്ളിം വിരോധം ആരോപിക്കുന്നവർ അവർക്കായി എന്തു ചെയ്‌തു. അവരോട് സ്നേഹമുണ്ടായിരുന്നെങ്കിൽ മുസ്ളിം സഹോദരങ്ങൾ വിദ്യാഭ്യാസത്തിലും തൊഴിലിലും പിന്നാക്കമാകില്ലായിരുന്നു. ദുരിത ജീവിതം നയിക്കില്ലായിരുന്നു. അഴിമതി, കമ്മിഷൻ തുടങ്ങിയവ മാത്രം ലക്ഷ്യമിടുന്ന ചില കക്ഷികൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി ജീവിക്കുന്നു. സ്വജനപക്ഷപാതം രാജ്യപുരോഗതിക്ക് ആപത്താണ്.”-എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.നേരത്തെ ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ദേശീയ ലോ കമ്മിഷൻ ജനങ്ങളുടെയും മതസംഘടനകളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന.”