Crime
പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വൻ സംഘർഷം. നാല് പേർ കൊല്ലപ്പെട്ടു. പോളിംഗ് ബൂത്ത് അടിച്ചു തകർത്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വൻ സംഘർഷം. ആക്രമണ സംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ടു കോൺഗ്രസ് പ്രവർത്തകരും ഓരോ തൃണമൂൽ ബി ജെ പി പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. മുർഷിദാബാദിൽ കോൺഗ്രസ് – തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി.
കുച്ച്ബിഹാറിലെ പോളിംഗ് ബൂത്തിൽ തൃണമൂൽ പ്രവർത്തകർ ബാലറ്റ് പേപ്പറുകൾ കത്തിച്ചു. പോളിംഗ് ബൂത്ത് അടിച്ചു തകർത്തു. ഈ മേഖലയിൽ വീടുകളും തകർത്തിട്ടുണ്ട്. രാവിലെ ഏഴ് മണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് വെെകുന്നേരം അഞ്ച് മണി വരെയാണ്.
73,887 സീറ്റുകളിലേയ്ക്കായി രണ്ട് ലക്ഷത്തിലേറെ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഉണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ മുൻപും കൊല്ലപ്പെട്ടിരുന്നു. ഇന്നലെ കുച്ച്ബിഹാറിൽ തൃണമൂൽ – ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ബി ജെ പി പ്രവർത്തകർക്ക് വെടിയേറ്റു.എല്ലാവർക്കും വോട്ട് രേഖപ്പെടുത്താൻ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് കൊൽക്കത്ത ഹെെക്കോടതി വീണ്ടും നിർദേശിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കുന്നത്.