Crime
പൊലീസുകാർ സുരക്ഷയ്ക്കുണ്ടായിട്ടും ബസ് ഉടമകൾക്ക് സംരക്ഷണം നൽകാനായില്ല, ബസ് ഉടമകളുടെയല്ല കോടതിയുടെ കരണത്താണ് അടിയേറ്റത്, തിരുവാർപ്പിൽ ബസ് ഉടമയെ ആക്രമിച്ചതിൽ കോടതിയുടെ രൂക്ഷ വിമർശനം.

കൊച്ചി: തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും കോട്ടയം തിരുവാർപ്പിൽ ബസ് ഉടമകൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം.
ആറു പൊലീസുകാർ സുരക്ഷയ്ക്കുണ്ടായിട്ടും ബസ് ഉടമകൾക്ക് സംരക്ഷണം നൽകാനായില്ല, ബസ് ഉടമകളുടെയല്ല കോടതിയുടെ കരണത്താണ് അടിയേറ്റത്, ഇതൊരു നാടകമാണെന്ന ശക്തമായ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
”പോയി ഒന്ന് തല്ലിക്കൊള്ളൂ, ഞങ്ങൾ നോക്കിക്കൊള്ളാം” എന്ന ഭാവമായിരുന്നു സംഭവത്തിൽ പൊലീസിനെന്നും കോടതി വിമർശിച്ചു. കോടതിയിലും ലേബർ ഓഫീസിലും പരാജയപ്പെടുമ്പോൾ ആക്രമിക്കുന്നത് കേരളത്തിലെ എല്ലാ ട്രേഡ് യൂണിയനുകളുടെയും പതിവാണിത്. അതിനാലാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്.
ആക്രമണം പെട്ടെന്നായിരുന്നു എന്ന് പൊലീസ് വിശദീകരിച്ചു. അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്ന് പൊലീസിനോട് കോടതി ആരാഞ്ഞു.
അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേ എന്ന് ചോദിച്ച കോടതി, കുമരകം എസ്എച്ച്ഒയും ഡിവൈഎസ്പിയും സത്യവാങ്മൂലം നൽകണമെന്നും ഉത്തരവിട്ടു. കേസ് 18 നു വീണ്ടും പരിഗണിക്കാനായി മാറ്റി. അന്ന് ഇരുവരും വീണ്ടും ഹാജരാവണം. പൊലീസ് സംരക്ഷണം ഉണ്ടായിട്ടും എങ്ങനെ മർദനം ഉണ്ടായി, അതിൽ എന്ത് അന്വേഷണം നടത്തി എന്ന് കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.