Crime
കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍(36) മൂന്നാംപ്രതി ആലുവ സ്വദേശി എം.കെ.നാസര്‍(48) അഞ്ചാംപ്രതി കടുങ്ങല്ലൂര്‍ സ്വദേശി നജീബ്(42) എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ. കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും മൂന്നു വർഷം വീതം തടവും വിധിച്ചു.
കേസില്‍ രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കി ആറുപ്രതികള്‍ കൂടി കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതി ഇന്ന കല കണ്ടെത്തിയിരുന്നു. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായും കോടതി പറഞ്ഞു. രണ്ടാംഘട്ട വിചാരണയില്‍ പ്രതികളായ അഞ്ചുപേരെ കോടതി വെറുതവിട്ടു. ഷഫീഖ് (31), അസീസ് ഓടക്കാലി (36), മുഹമ്മദ് റാഫി (40), ടി.പി. സുബൈര്‍ (40), മന്‍സൂര്‍ (52) എന്നിവരെയാണ് വെറുതേവിട്ടത്. കുറ്റകൃത്യത്തില്‍ ഇവരുടെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഒന്നാംപ്രതിയായ സവാദ് (33) ഒളിവിലാണ്. സവാദ് വിദേശത്താണെന്നാണ് പറയപ്പെടുന്നത്.
2010 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ഒന്നാംഘട്ട വിചാരണ നേരിട്ടവരില്‍ 13 പേരെ കോടതി ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തില്‍ 18 പേരെ വിട്ടയച്ചു.