KERALA
സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍ മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിക്ക്ശേഷം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കും

ബെംഗളൂരു: ഇന്ന് പുലർച്ചെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍ നടക്കും. ബെംഗളൂരുവിലും തിരുവനന്തപുരത്തും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി പുതുപ്പള്ളിയിലെത്തി വലിയപള്ളിയില്‍ സംസ്‌കരിക്കും.
ബെംഗളൂരു ഇന്ദിരാനഗറില്‍ മന്ത്രി ടി. ജോണിന്റെ വസതിയില്‍ ഇപ്പോൾ പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. തുടർന്ന് മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിക്ക്ശേഷം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കുകയും ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്യും. അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ സ്ഥിരമായി പോകാറുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് ഇന്ദിരാ ഭവനിലെത്തിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും
ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനുവെച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍വെച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ബെംഗളൂരുവിലെ ജോണിന്റെ വസതിയിലെത്തും