KERALA
സമാനതകളില്ലാത്ത അന്ത്യയാത്ര മറ്റൊരു രാഷ്ടീയ നേതാവിനും ഇത്രയും വൈകാരികമായ യാത്രാമൊഴി ജനങ്ങൾ നൽകിയിട്ടില്ല

കോട്ടയം: ജനസാഗരത്തിൽ അലിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അവസാനയാത്ര. സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം അദ്ദേഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. സമീപകാലത്തെങ്ങും കേരളത്തിൽ മറ്റൊരു രാഷ്ടീയ നേതാവിനും ഇത്രയും വൈകാരികമായ യാത്രാമൊഴി ജനങ്ങൾ നൽകിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയാം.പതിനായിരങ്ങൾ നിറകണ്ണുകളോടെ തങ്ങളുടെ പ്രിയനേതാവിനെ യാത്രയാക്കാൻ വഴിയരികിൽ കാത്തുനിന്നതോടെ വിലാപയാത്രയ്ക്ക് മുൻ നിശ്ചയിച്ച സമയക്കണക്കുകളെല്ലാം തെറ്റുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് ആരംഭിച്ച വിലാപയാത്ര വൈകിട്ടാണ് തിരുനക്കര മൈതാനിയിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ഒരു പകലും രാത്രിയും പിന്നിട്ട് ഇന്നുപുലർച്ചെ 5.30 തോടെ മാത്രമാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. പാതിരാത്രി പെരുമഴയെയും തണുപ്പിനെയും അവഗണിച്ച് തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ, ഒരു പിടി പൂക്കൾ അർപ്പിക്കാൻ വഴിയിലുടനീളം ജനങ്ങൾ ഉണ്ണാതുറങ്ങാതെ ആരുടെയും ആഹ്വാനമില്ലാതെ കാത്തുനിൽക്കുകയായിരുന്നു. വിലാപയാത്ര കടന്നുപോകുമ്പോഴെല്ലാം അക്ഷരാർത്ഥത്തിൽ എം സി റോഡ് ജനസാഗരമായി മാറി.ജനങ്ങൾ ഇരമ്പിയെത്തിയതോടെ വിലാപയാത്രയിലെ വാഹന വ്യൂഹത്തിന് മുന്നോട്ട് പോകാൻ പോലും കഴിയാത്ത അവസ്ഥയായി. നേതാക്കൾ ഏറെ പണിപ്പെട്ടാണ് വഴിയൊരുക്കിയത്.
ഇന്നലെ രാവിലെ തലസ്ഥാനത്തുനിന്ന് പുറപ്പെട്ട വാഹനവ്യൂഹം കൊട്ടാരക്കര എത്തിയത് സന്ധ്യയ്ക്ക് 6.45ന്. വീതിയേറിയ എം.സി റോഡിലേക്ക് നാനാദിക്കുകളിൽനിന്നും പുരുഷാരം ഒഴുകിയെത്തി. കണ്ണീരോടെ കൈകൂപ്പിനിന്ന ജനങ്ങളെ ജനനായകന്റെ മക്കൾ വിതുമ്പലോടെ നമസ്കരിക്കുന്നതും കാണാമായിരുന്നു. വിദ്യാർത്ഥികൾ, വയോധികർ, സ്ത്രീകൾ, വൈദികർ, കലാപ്രവർത്തകർ, വിവിധ രാഷട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ,പലപ്പോഴായി സഹായം കിട്ടിയവർ തുടങ്ങി ഒരിക്കൽപോലും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ലാത്തവർ വരെ റോഡരികിൽ കൈകൂപ്പിനിന്നു.
പുതുപ്പള്ളി മണ്ഡലത്തിലൂടെയുള്ള അന്ത്യയാത്ര കഴിഞ്ഞ് കുടുംബവീട്ടിലെ പൊതുദർശനവും സ്വന്തം വീടെന്ന സ്വപ്നവുമായി നിർമ്മാണമാരംഭിച്ച വീടിന്റെ മുറ്റത്തെ ശുശ്രൂഷയും കഴിഞ്ഞാണ് പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ഭൗതികദേഹം സംസ്കരിക്കുന്നത്. രാഹുൽ ഗാന്ധി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള,സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ എത്തുന്നതിനാൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.