KERALA
പുതുപ്പള്ളിയുടെ മടിത്തട്ടിൽ ഉറങ്ങാൻ ഉമ്മൻ ചാണ്ടി തിരികെ എത്തി. സംസ്ക്കാരം എട്ടരക്ക്

കോട്ടയം: അമ്പത്തിമൂന്ന് വർഷം തന്നെ നെഞ്ചേറ്റിയ പുതുപ്പള്ളിയുടെ മടിത്തട്ടിലേക്ക് ഉമ്മൻ ചാണ്ടി തിരികെ എത്തി. പതിനായിരങ്ങളുടെ അശ്രുപൂജയേറ്റ് വാങ്ങി കരുതലിന്റെ ഉടയോനെ പുതുപ്പള്ളി സ്വീകരിച്ചു.
തിരുനക്കര മൈതാനിയിൽനിന്നാരംഭിച്ച ആ വികാരഭരിതയാത്ര അഞ്ചരയോടെയാണ് പുതുപ്പള്ളിയിലെത്തിയത്.ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയില്‍നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് കാരണം മുന്‍നിശ്ചയിച്ചതില്‍നിന്ന് മണിക്കൂറുകളോളം വൈകിയിരുന്നു. അന്ത്യാഞ്ജലിയർപ്പിക്കാനുള്ള വലിയ ജനത്തിരക്ക് കണക്കിലെടുത്ത് സംസ്‌കാര ചടങ്ങ് രാത്രി എട്ടരക്ക് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
തറവാട്ട് വീട്ടിൽ പൊതുദർശനത്തിനു ശേഷം വൈകീട്ട് ആറരയോടെ ഭൗതിക ശരീരം പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിലേക്ക് എത്തിച്ച് പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് ഏഴ് മണിയോടെ പുതുപ്പള്ളി പള്ളിയിലേക്ക് വിലാപ യാത്ര ആരംഭിക്കും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പ്രത്യേകമായി തയ്യാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം നേരത്തെ അറിയിച്ചതിനാല്‍ ഇതുപ്രകാരം ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്‌കാരം നടക്കുക. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പുതുപ്പള്ളിയിലെത്തി കഴിഞ്ഞു.
“