KERALA
ചങ്ങനാശ്ശേരി നഗരസഭയിൽ യു.ഡി.എഫ് ഭരണം നഷ്ടമായി എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 37 അംഗ കൗണ്‍സിലില്‍ 19 അംഗങ്ങള്‍ പിന്തുണച്ചു.

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജിനും യു.ഡി.എഫ് ഭരണസമിതിക്കും എതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 37 അംഗ കൗണ്‍സിലില്‍ 19 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തേ പിന്തുണച്ചു.
അവിശ്വാസ പ്രമേയത്തെ എതിര്‍ത്തിരുന്ന യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ പങ്കെടുത്തില്ല. ഇവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. മൂന്ന് ബി.ജെ.പി. അംഗങ്ങളും വിട്ടുനിന്നു. യു.ഡി.എഫ് നല്‍കിയ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാര്‍ഡ് കൗണ്‍സിലറുമായ രാജു ചാക്കോ, 33-ാം വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവര്‍ പിന്തുണച്ചതോടെ അവിശ്വസ പ്രമേയം പാസാവുകയായിരുന്നു. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി.
37 അംഗ കൗണ്‍സിലിലെ 17 അംഗങ്ങളാണ് എല്‍.എസ്.പി.ഡി ജോയിന്റ് രജിസ്ട്രാര്‍ ബിനു ജോണിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
37 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് നാലുസ്വതന്ത്രര്‍ ഉള്‍പ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എല്‍.ഡി.എഫിന് 16 അംഗങ്ങളും ബി.ജെ.പിക്ക് മൂന്നംഗങ്ങളുമാണ് ഉണ്ടായിരുന്നത്. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന സ്വതന്ത്ര അംഗം ബീനാ ജോബി യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ച് എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍്് ഒപ്പ് വെച്ചിരുന്നു.