KERALA
പുതുപ്പള്ളിയിലെ ഇടതു മുന്നണി സ്ഥാനാർഥിയെ സിപിഎം ഇന്ന് തീരുമാനിച്ചേക്കും.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളിയിൽ ഇടതു മുന്നണി സ്ഥാനാർഥിയെ സിപിഎം ഇന്ന് തീരുമാനിച്ചേക്കും. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക. ശനിയാഴ്ച ജില്ലാ കമ്മിറ്റി ചേർന്ന ശേഷം കോട്ടയത്താവും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരായ മത്സരിച്ച ജെയ്ക് സി. തോമസ് തന്നെയാണ് പ്രഥമ പരിഗണനയിലുള്ളതെന്നാണ് സൂചന. റെജി സക്കറിയ, സുഭാഷ് വർഗീസ് എന്നീ പേരുകളും പരിഗണനയിലുണ്ട്. മുൻ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ച വച്ചത് ജെയ്കിന് സാധ്യത വർധിപ്പിക്കുന്നു.
പുതുമുഖത്തെ ഇറക്കുന്നത് ഗുണം ചെയ്തേക്കില്ലെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്. നേരത്തെ ഉമ്മൻചാണ്ടിയുടെ വിശ്വസ്വൻ നിബു ജോൺ വിമത സ്ഥാനാർഥിയാവുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ താൻ സിപിഎമ്മിനു വേണ്ടി മത്സരിക്കില്ലെന്നും അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി നിബു ജോൺ രംഗത്തെത്തിയിരുന്നു.