Connect with us

Crime

നാമജപയാത്രയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് അവസാനിപ്പിക്കാൻ നീക്കം

Published

on

കൊച്ചി: സ്‌പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് അവസാനിപ്പിക്കാൻ നീക്കമെന്ന് സൂചന. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെകൂടി പശ്ചാത്തലത്തിൽ കേസ് എഴുതിത്തള്ളാനാണ് നീക്കം.

ഹൈക്കോടതിയിൽ കേസ് നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ലാത്തതിനാൽ നിയമോപദേശം തേടിയതിനുശേഷമായിരിക്കും പൊലീസിന്റെ അടുത്ത നീക്കം. എൻ എസ് എസിന്റെ നാമജപ യാത്രയ്ക്ക് ഗൂഢലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാവും കേസ് അവസാനിപ്പിക്കുക.കേസിലെ തുടർനടപടികൾ ഹൈക്കോടതി നാലാഴ്‌ചത്തേക്ക് തടഞ്ഞിരിക്കുകയാണ്. കേസ് റദ്ദാക്കാൻ എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് രാജ വിജയരാഘവനാണ് ഇടക്കാല ഉത്തരവ് നൽകിയത്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

സംഗീത് കുമാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആയിരത്തോളം എൻ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ‘ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്’ എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് രണ്ടിന് വൈകിട്ട് എൻ.എസ്.എസ് പ്രവർത്തകർ നടത്തിയ നാമജപയാത്രയ്ക്കെതിരെ നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പൊലീസിന്റെ നിർദ്ദേശം പാലിക്കാതിരിക്കൽ, ശബ്ദശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

Continue Reading