Crime
കേസല്ല തങ്ങൾക്ക് പ്രധാനം സ്‌പീക്കർ നിലപാട് തിരുത്തണമെന്നു എൻ എസ് എസ്

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രയ്ക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസ് അവസാനിപ്പിക്കാനുള്ള പൊലീസിന്റെ നീക്കത്തിൽ പ്രതികരണവുമായി എൻ എസ് എസ്. കേസല്ല തങ്ങൾക്ക് പ്രധാനമെന്നും സ്‌പീക്കർ നിലപാട് തിരുത്തണമെന്നും എൻ എസ് എസ് വ്യക്തമാക്കി. പരാമർശം സ്‌പീക്കർ തിരുത്തുകയോ പിൻവലിക്കുകയോ വേണം, അല്ലാതെ പിന്നോട്ടില്ലെന്നും എൻ എസ് എസ് പ്രതികരിച്ചു.
കേസുകൾ നിയമപരമായി തന്നെ നേരിട്ടോളാമെന്നാണ് എൻ എസ് എസിന്റെ നിലപാട്. എന്നാൽ സ്‌പീക്കർ എ എൻ ഷംസീർ പരാമർശം തിരുത്തില്ലെന്നും മാപ്പ് പറയില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്ന് സി പി എം പിന്നോട്ട് പോകാനും സാദ്ധ്യതയില്ല.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെകൂടി പശ്ചാത്തലത്തിലാണ് എൻ എസ് എസിനെതിരായുള്ള കേസ് എഴുതിത്തള്ളാൻ പൊലീസ് ശ്രമിക്കുന്നത്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ലാത്തതിനാൽ നിയമോപദേശം തേടിയതിനുശേഷമായിരിക്കും പൊലീസിന്റെ അടുത്ത നീക്കം.