Connect with us

Crime

റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേനയുടെ തലവന്‍ യെവ്ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു

Published

on

മോസ്‌കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേനയുടെ തലവന്‍ യെവ്ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.
സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗിനും മോസ്‌കോയ്ക്കും ഇടയിലായാണ് അപകടം നടന്നതെന്ന് റഷ്യ വ്യക്തമാക്കി. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് പുതിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗനി പ്രിഗോഷിന്‍ 2014-ല്‍ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി. വാഗ്‌നര്‍ അഥവാ വാഗ്‌നര്‍ പട്ടാളം. വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറി. പിന്നീട് പുതിനെതിരേ വാഗ്‌നര്‍ ഗ്രൂപ്പ് തിരിഞ്ഞു.
റഷ്യക്കുവേണ്ടി യുക്രൈന്‍യുദ്ധത്തെ മുന്നില്‍നിന്ന് നയിച്ച കൂലിപ്പട്ടാളമായ വാഗ്നറിന്റെ മേധാവി യെവെഗ്നി പ്രിഗോഷിന്‍ സായുധകലാപത്തിന് ആഹ്വാനംചെയ്തുകൊണ്ട് വിമതമേധാവിയായി മാറി. ഒറ്റദിവസംകൊണ്ട് റഷ്യന്‍നേതൃത്വം പകച്ചുപോവുകയും ചെയ്തു. വിഷയം അന്താരാഷ്ട്രതലത്തിലും ചര്‍ച്ചയായി.
യുക്രൈന്‍യുദ്ധം കൈകാര്യംചെയ്തതില്‍ റഷ്യന്‍ സൈനികനേതൃത്വത്തെ നിരന്തരം വിമര്‍ശിച്ച പ്രിഗോഷിന്‍, പ്രസിഡന്റ് വ്ളാദിമിര്‍ പുതിനെ ഒരിക്കലും നേരിട്ടുവിമര്‍ശിക്കാന്‍ തയ്യാറായില്ല. അത്രയ്ക്കുണ്ടായിരുന്നു അവര്‍ തമ്മിലുള്ള ഇഴയടുപ്പം. കൂലിപ്പട്ടാളം തിരിഞ്ഞുകുത്തിയപ്പോള്‍ പുതിന്‍ കടുത്തഭാഷയില്‍ പ്രതികരിച്ചെങ്കിലും പ്രിഗോഷിന്റെ പേര് അദ്ദേഹം പരാമര്‍ശിച്ചതുമില്ല. പുതിന്റെ സ്വന്തംനാടായ സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗാണ് പ്രിഗോഷിനിന്റെയും ദേശം. ചെറുപ്പംമുതലേ കുറ്റകൃത്യവാസനയുണ്ടായിരുന്ന പ്രിഗോഷിന്‍, 1979-ല്‍ 18-ാം വയസ്സിലാണ് ആദ്യമായി ക്രിമിനല്‍ക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത്. മോഷണക്കുറ്റത്തിന് രണ്ടുവര്‍ഷം തടവ്. കവര്‍ച്ച പതിവാക്കിയ പ്രിഗോഷിന്‍ 13 വര്‍ഷത്തെ തടവിന് വീണ്ടും ശിക്ഷിക്കപ്പെട്ടു. എട്ടുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പുറത്തുവന്ന് സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ‘ഹോട്ട് ഡോഗ്’ വില്‍ക്കുന്ന ഒരു ഹോട്ടല്‍ശൃംഖല സ്ഥാപിച്ചു. നിയമവിരുദ്ധമാര്‍ഗങ്ങളിലൂടെയും അല്ലാതെയും ബിസിനസ് തഴച്ചുവളര്‍ന്നു. 1990-കളില്‍ റഷ്യയിലുടനീളം ആഡംബരഭക്ഷണശാലകള്‍ തുറന്നു.
പ്രിഗോഷിനിന്റെ ഭക്ഷണശാലകളിലെ നിത്യസന്ദര്‍ശകനായിരുന്നു പുതിന്‍. ‘ന്യൂ ഐലന്‍ഡ്’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഒഴുകുന്ന ആഡംബര റെസ്റ്റോറന്റായിരുന്നു പുതിന്റെ ഇഷ്ടകേന്ദ്രം. നെവാനദിയിലൂടെ സഞ്ചരിക്കുന്ന ഒരു ബോട്ടായിരുന്നു ഇത്. പ്രസിഡന്റായശേഷം ഇവിടെവെച്ചാണ് വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെയെത്തുന്ന അതിഥികളെ പുതിന്‍ സ്ഥിരമായി സത്കരിക്കാറ്. 2000-ല്‍ ജപ്പാന്‍ മുന്‍പ്രധാനമന്ത്രി യോഷിറോ മോറിക്കൊപ്പം ന്യൂഐലന്‍ഡിലെത്തിയപ്പോഴാണ് പുതിന്‍ പ്രിഗോഷിനെ ആദ്യമായി കാണുന്നത്. ഉടമയായിട്ടും അതിഥികള്‍ക്ക് മടികൂടാതെ ഭക്ഷണം വിളമ്പുന്ന പ്രിഗോഷിനിന്റെ വ്യക്തിത്വം പുതിനെ ആകര്‍ഷിച്ചു. 2003-ലെ തന്റെ പിറന്നാളാഘോഷം ന്യൂഐലന്‍ഡില്‍വെച്ച് സംഘടിപ്പിക്കാന്‍ പുതിന്‍ പ്രിഗോഷിനോട് ആവശ്യപ്പെട്ടത് ഇരുവരും തമ്മിലുള്ള അടുപ്പംകൂട്ടി.
2014-ലെ യുക്രൈന്‍ അധിനിവേശത്തിനുശേഷമാണ് പ്രിഗോഷിന്‍ ഒരു സാധാരണവ്യവസായി ആയിരുന്നില്ലെന്ന സൂചനകള്‍ പുറത്തുവരുന്നത്. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ നിഴല്‍യുദ്ധം നയിക്കുന്നത് പ്രിഗോഷിനിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സൈനികകമ്പനിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ‘വാഗ്നര്‍ സംഘം’ എന്നവര്‍ അറിയപ്പെട്ടു. നാസിസത്തില്‍ ആകൃഷ്ടരായ ഇവരുടെ കമാന്‍ഡര്‍മാര്‍ അന്ന് നാസിചിഹ്നങ്ങള്‍ ഉപയോഗിച്ചതായും പറയപ്പെടുന്നു.എന്നാല്‍, ഇതിനുനേരെ വിരുദ്ധമായിരുന്നു 2022 ഫെബ്രുവരി 24-ന് ആരംഭിച്ച യുക്രൈന്‍യുദ്ധത്തില്‍ റഷ്യ സ്വീകരിച്ച നയം. യുക്രൈനെ നാസിമുക്തമാക്കുമെന്നായിരുന്നു പുതിന്റെ അജന്‍ഡകളിലൊന്ന്. യുക്രൈനുപുറമേ ആഫ്രിക്കയിലും അതിനപ്പുറവും സജീവമായിരുന്നു വാഗ്നര്‍സേന.
ക്രെംലിന്‍ ഭരണകൂടത്തിന്റെ രഹസ്യഅജന്‍ഡകള്‍ ലോകമെമ്പാടും നടപ്പാക്കുകയായിരുന്നു ലക്ഷ്യം. സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിന് നല്‍കിയ പിന്തുണമുതല്‍ മാലിയിലെ ഫ്രഞ്ച് സ്വാധീനത്തെ ചെറുക്കുന്നതില്‍വരെ വാഗ്നര്‍സേനയ്ക്ക് സ്വാധീനമുണ്ടായിരുന്നു. വാഗ്നറുമായി യാതൊരുബന്ധവുമില്ലെന്ന് പ്രിഗോഷിന്‍ വര്‍ഷങ്ങളോളം ആവര്‍ത്തിച്ചു. അത്തരം ആരോപണമുന്നയിക്കുന്നവരെ നിയമപരമായി നേരിടുകയുംചെയ്തു. എന്നാല്‍, 2022 സെപ്റ്റംബറിലാണ് താനാണ് വാഗ്നര്‍ സ്ഥാപിച്ചതെന്ന് തുറന്നുസമ്മതിക്കുന്നത്.

Continue Reading