Crime
കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അദ്ധ്യാപകനോട് പരസ്യമായി മാപ്പ് പറയണം

കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അദ്ധ്യാപകനോട് പരസ്യമായി മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ. എവിടെ വച്ച് മാപ്പ് പറയണമെന്ന കാര്യത്തിൽ ഓണം അവധി കഴിഞ്ഞ ശേഷമായിരിക്കും തീരുമാനമെടുക്കുക. സംഭവത്തിൽ മറ്റ് നടപടികൾ വേണ്ടെന്നാണ് കൗൺസിലിന്റെ തീരുമാനം
ബി എ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ ഡോ. പ്രിയേഷിനെയാണ് കെ എസ് യു നേതാവ് അടക്കമുള്ള വിദ്യാർത്ഥികൾ അപമാനിച്ചത്. പ്രിയേഷ് ക്ളാസിലുള്ളപ്പോൾ വിദ്യാർത്ഥികൾ ഫോൺ നോക്കിയിരിക്കുന്നതിന്റെയും, കസേര വലിച്ചുമാറ്റുന്നതിന്റെയും, അദ്ധ്യാപകന്റെ പിറകിൽ നിന്ന് കളിയാക്കുന്നതിന്റെയുമൊക്കെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.വീഡിയോ വിവാദമായതോടെ കെ എസ് യു നേതാവ് ഫാസിൽ അടക്കമുള്ള ആറ് വിദ്യാർത്ഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാനായി മൂന്നംഗ സമിതിയെ കോളേജ് നിയോഗിച്ചു.അദ്ധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് കോളേജ് മാനേജ്മെന്റ് സെൻട്രൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ വിദ്യാർത്ഥികൾക്കെതിരെ പരാതിയില്ലെന്നായിരുന്നു ഡോ. പ്രിയേഷിന്റെ നിലപാട്. അതിനാൽ കേസ് എടുത്തിരുന്നില്ല