NATIONAL
രണ്ടും മൂന്നും വള്ളങ്ങളിൽ ഒരേസമയം കാൽ വയ്ക്കുന്നവർക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് റാവുത്ത് .ശരദ് പവാറിന്റെ രാഷ്ട്രീയ ചാഞ്ചാട്ടത്തിനെതിരെയാണ് പരിഹാസം

മുംബൈ :എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ രാഷ്ട്രീയ ചാഞ്ചാട്ടത്തിനെതിരെ വിമർശവുമായി സഖ്യക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗം
നേതാവ് സഞ്ജയ് റാവുത്ത്. രണ്ടും മൂന്നും വള്ളങ്ങളിൽ ഒരേസമയം കാൽ വയ്ക്കുന്നവർക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് റാവുത്ത് മുന്നറിയിപ്പ് നൽകി.
എൻസിപി പിളർന്നിട്ടില്ലെന്നും അജിത് പവാർ തങ്ങളുടെ നേതാവാണെന്നും ശരദ് പവാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറയുകയും പിന്നീട് അത് തിരുത്തുകയും ചെയ്തിരുന്നു. എൻസിപി അണികളിലും സഖ്യകക്ഷികളിലും ദേശീയ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണിയിലും ശരദ് പവാർ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന വിമർശനത്തെ തുടർന്നാണ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം.
‘എൻസിപിയിൽ പിളർപ്പുണ്ടോ, ഇല്ലയോ എന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാം. എന്റെ അറിവിൽ പിളർന്നിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലും വിതമ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെയുമാണ്. ഇത് പിളർപ്പല്ലെന്ന് എങ്ങനെയാണ് വ്യാഖ്യാനിക്കുക. അജിത് വിഭാഗം ശരദ് പവാറിനെ പാർട്ടിയിൽ നിന്നു പുറത്താക്കുകയും ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) പേടിച്ചാണ് ഒരു വിഭാഗം ബിജെപിയുമായി കൈകോർത്തതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.