Connect with us

NATIONAL

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നിര്‍ണായക നീക്കവുമായി കേന്ദ്രം, സമിതിക്ക് രൂപം നല്‍കി

Published

on

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് അധ്യക്ഷന്‍. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്രതീക്ഷിതമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ഉടന്‍ തന്നെ ബില്‍ കൊണ്ടുവരാനാണ് പ്രത്യേക സമ്മേളനം വിളിച്ചത് എന്ന തരത്തില്‍ ഇന്നലെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

അഞ്ചുദിവസമാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുക. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം. ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പതിനേഴാമത് ലോക്‌സഭയുടെ പതിമൂന്നാമത് സമ്മേളനവും രാജ്യസഭയുടെ 261-മത് സമ്മേളനവും സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസമായി നടക്കും. പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും സമ്മേളനം ചേരുകയെന്ന് സൂചനയുണ്ട്. ജി 20 ഉച്ചകോടി കഴിയുന്നതിന് തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്.

Continue Reading