KERALA
പുതുപ്പള്ളിയിൽ താൻ റെക്കോഡ് ഭൂരിപക്ഷം നേടുമെന്ന് പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ.ലീഡ് നില 36224 .

കോട്ടയം: പുതുപ്പള്ളിയിൽ താൻ റെക്കോഡ് ഭൂരിപക്ഷം നേടുമെന്ന് പ്രഖ്യാപിച്ച് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ . ‘49044 +’ എന്നാണ് വോട്ടെണ്ണൽ തുടങ്ങി രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചത്. പുതുപ്പള്ളിൽ ഉമ്മൻ ചാണ്ടി നേടിയ സർവകാല റെക്കോഡ് ചാണ്ടി ഉമ്മൻ മറികടക്കുമെന്ന് തോന്നിക്കുന്ന രീതിയിലാണ് യു ഡി എഫിന്റെ കുതിപ്പ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ചാണ്ടി ഉമ്മന്റെ ലീഡ് നില 36224 .
2011 തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം.
വൻ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കുമെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയാ ഉമ്മനും പറഞ്ഞു. ‘വളരെ ശുഭപ്രതീക്ഷയാണ്. യാതൊരു സംശയവുമില്ല. മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് പാർട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം. ഉമ്മൻ ചാണ്ടിയെ പോലെ തന്നെ ചാണ്ടി ഉമ്മനെയും ജനങ്ങൾ സ്വീകരിച്ച് കഴിഞ്ഞു. ഇനി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്’ എന്നാണ് അവർ പറഞ്ഞത്.വോട്ടണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ചാണ്ടി ഉമ്മൻ ലീഡുയർത്തുകയായിരുന്നു. എൽ ഡി എഫിന് ശക്തമായ സ്വാധീനമുള്ള സ്ഥലങ്ങളിൽപ്പോലും ജെയ്ക്ക് ഏറെ പിന്നിലാണ്. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസും എൽഡിഎഫും മുന്നേറിയ അയർക്കുന്നത്ത് ഇത്തവണ ചാണ്ടി ഉമ്മൻ വലിയ തരംഗമുണ്ടാക്കി. ചിത്രത്തിലേ ഇല്ലാത്ത സ്ഥിതിയാണ് ബി ജെ പി. ബി ജെ പിയുടെ വോട്ടുകൾ യു ഡി എഫിന് മറിച്ചുനൽകിയില്ലെങ്കിൽ ജെയ്ക്ക് ജയിക്കുമെന്ന് എൽ ഡി എഫ് നേതാക്കൾ വോട്ടെടുപ്പ് കഴിഞ്ഞയുടൻ തന്നെ പറഞ്ഞിരുന്നു.