Crime
മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ ഒരു കുടുംബം നടത്തുന്ന കൊളളയ്ക്ക് കാവല്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണം വീണ്ടും സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. ഈ അഴിമതിപ്പണം മുഖ്യമന്ത്രിയുടെ മടിയിലോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുബത്തിന്റെ ബാങ്ക് അക്കൗണ്ടിലോ ആണ് ഉളളതെന്നും കുഴല്‍നാടന്‍ പറഞ്ഞു. കുഴല്‍നാടന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവന്നതോടെ സഭ ബഹളത്തില്‍ മുങ്ങി.
ഒരു കുടുംബം നടത്തുന്ന കൊളളയ്ക്ക് കാവല്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് കമ്പനി ഇത്രയും വലിയ തുക കൈമാറിയതെന്നും ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് കമ്പനി തന്നെ പറഞ്ഞിട്ടുണ്ടെന്നും കുഴല്‍ നാടന്‍ പറഞ്ഞു. ഈ അഴിമതിപ്പണം ഇപ്പോള്‍ ഒന്നുകില്‍ മുഖ്യമന്ത്രിയുടെ മടിയില്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മടിയില്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അലമാരയില്‍, അല്ലെങ്കില്‍ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലാണ് ഉള്ളതെന്ന് കുഴല്‍ നാടന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ നടത്തുന്ന അഴിമതിക്ക് കാവല്‍നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. മുഖ്യമന്ത്രിക്കെതിരെ തുറന്നുപറയാന്‍ സിപിഎമ്മുകാര്‍ക്ക് പേടിയാണ്. സാധാരണ കമ്യൂണിസ്റ്റുകാരുന് വേണ്ടി ആ ദൗത്യം ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.
സഭയില്‍ അംഗമില്ലാത്ത ഒരാളെക്കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യം ആവര്‍ത്തിക്കുകയാണ് മാത്യു കുഴല്‍ാടന്‍ ചെയ്യുന്നതെന്ന് എംബി രാജേഷ് പറഞ്ഞു. ഇദ്ദേഹത്തിന്റെ സില്‍ബന്തികളും അനുയായികളും കോടതിയില്‍ പോയിട്ട് കോടതി വലിച്ചൂകീറി ചവറ്റുകൊട്ടയിലിട്ടതാണ്. ഒരു ഉപതെരഞ്ഞെടുപ്പിലെ സീറ്റ് നിലനിര്‍ത്തിയതിലെ ധാര്‍ഷ്ട്യത്തില്‍ ഈ സഭാതലത്തെ ദുരുപയോഗം ചെയ്യുകയാണ് പ്രതിപക്ഷം രാവിലെ മുതല്‍ ചെയ്യുന്നത്. ആ പരാമര്‍ശങ്ങളില്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണം. മാധ്യമങ്ങളുടെ തലക്കെട്ടിന് വേണ്ടിയാണ് വസ്തുതാവിരുദ്ധമായ കള്ളങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരു കാര്യവും സഭാരേഖകളില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.