Crime
വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി അവഹേളനം നേരിടേണ്ടി വന്നു.കത്തിന് പുറത്താണ് ആരോപണങ്ങളുടെ കൂമ്പാരങ്ങള്‍ ഉയര്‍ത്തിയത്.

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടിലെ അടിയന്തര പ്രമേയ നോട്ടീസില്‍ സഭയില്‍ പ്രത്യേക ചര്‍ച്ച തുടങ്ങി. ഉച്ചക്ക് ഒരു മണിക്കാണ് പ്രതിപക്ഷത്തിന്റെ നോട്ടീസിന്‍മേല്‍ ചര്‍ച്ച ആരംഭിച്ചത്.
ഷാഫി പറമ്പില്‍ നല്‍കിയ നോട്ടീസിലാണ് ചര്‍ച്ച ആവാമെന്ന നിലപാട് സര്‍ക്കാരെടുത്തത്. മുഖ്യമന്ത്രി മറുപടി പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയോട് മാപ്പ് പറഞ്ഞ് സംസാരിച്ച് തുടങ്ങണമെന്ന് പ്രമേയം അവതരിപ്പിച്ച് സംസാരിച്ച ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി അവഹേളനം നേരിടേണ്ടി വന്നെന്ന് പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പില്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ ഹീനമായ നിലയില്‍ സഭയില്‍ വ്യക്തിഹത്യ നടത്തി. പച്ചക്കള്ളങ്ങളുടെ ഗോപുരത്തിന്റെ മുകളില്‍ ഇരുന്ന് കല്ലെറിഞ്ഞു. മുഖ്യമന്ത്രി മറുപടി പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയോട് മാപ്പ് പറഞ്ഞ് സംസാരിച്ച് തുടങ്ങണം. കത്തിന് പുറത്താണ് ആരോപണങ്ങളുടെ കൂമ്പാരങ്ങള്‍ ഉയര്‍ത്തിയത്.
മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും പങ്ക് ഇതിലുണ്ട്. ഇതിന്റെ ഭാഗമായ മാധ്യമങ്ങളും മാപ്പ് പറഞ്ഞിട്ടില്ല. തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ചവര്‍ മാപ്പ് പറയണം.
നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞതിന്റെ പേരില്‍ ഹര്‍ത്താല്‍ വേണ്ടെന്ന് പറഞ്ഞ ഭരണാധികാരിയാണ് ഉമ്മന്‍ ചാണ്ടി. നിരപരാധി എന്നറിഞ്ഞിട്ടും ക്രൂരമായി അദ്ദേഹത്തെ വേട്ടയാടി. ആ ഭരണാധികാരിയെയാണ് ഇത്തരത്തില്‍ അവഹേളിച്ചത് എന്നത് കേരളത്തിന് അപമാനമാണ്. രാഷ്ട്രീയ ദുരന്തമാണ് സോളാര്‍ കേസ്.
ഉമ്മന്‍ചാണ്ടിയുടെ പേരില്ലെന്ന കാര്യം സിബിഐ റിപ്പോര്‍ട്ട് പറയുന്നു. നന്ദകുമാറിനെ എന്നാണ് ദല്ലാള്‍ നന്ദകുമാര്‍ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. ലാവ്‌ലിന്‍ കാലത്ത് ഔദ്യോഗിക പക്ഷമല്ലേ അങ്ങനെ വിളിച്ചത്. ഒന്നാം നമ്പര്‍ അവതാരത്തെ മുഖ്യമന്ത്രി സ്വന്തം ഓഫിസിലേക്ക് വിളിച്ചുവരുത്തിയില്ലേ. ജിഷ്ണു പ്രണോയ്‌യുടെ അമ്മ മുഖ്യമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ പൊലീസ് വലിച്ചിഴച്ചു.
പക്ഷേ ഈ കേസിലെ പരാതിക്കാരിയെ കാണാന്‍ മുഖ്യമന്ത്രിക്ക് സമയം ഉണ്ടായി. മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണ്. സിബിഐയെ വിളിച്ചു വരുത്താന്‍ തലപ്പത്ത് നില്‍ക്കുന്നവര്‍ക്ക് വ്യഗ്രത ഉണ്ടായി. സര്‍ക്കാരിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇങ്ങനെ ആക്ഷേപിക്കപ്പെടേണ്ട ഒരാളല്ല ഉമ്മന്‍ ചാണ്ടി. കേരള രാഷ്ട്രീയത്തിലെ സൈബര്‍ ആക്രമണത്തിന്റെ തുടക്കമാണ് സോളാര്‍ കേസ്.
പി സി ജോര്‍ജ് രാഷ്ട്രീയ മാലിന്യമാണ്. അയാളുടെ വാക്ക് കേട്ട് ഉമ്മന്‍ചാണ്ടിയെ അവഹേളിച്ചു. ഉമ്മന്‍ചാണ്ടി ക്ഷമിച്ചാലും കേരളീയ സമൂഹം നിങ്ങളോട് പൊറുക്കില്ല. ദല്ലാള്‍ നന്ദകുമാര്‍ ഈ കേസില്‍ ഇടപെട്ടതും കത്ത് കൈമാറിയതും സിപിഐഎം സമ്മര്‍ദ്ദം മൂലമാണ്.
സോളാര്‍ തട്ടിപ്പുകാരിയുടെ സ്‌പോണ്‍സര്‍ഷിപ്പിലാണോ പിണറായി മുഖ്യമന്ത്രി പദത്തിലിരുന്നത്. ഇത് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയായിരുന്നു. രാഷ്ട്രീയമായി സിപിഐഎം മാപ്പ് പറയണം. ആരോപണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ല എന്ന് പറയുമ്പോള്‍ രാഷ്ട്രീയമായി മാപ്പ് പറയണം. ക്രിമിനല്‍ ഗൂഢാലോചനക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്ത് കൊണ്ടുവരണമെന്നും ഷാഫി പറഞ്ഞു.
സോളാര്‍ കേസ് ശില്പികളും പിതാക്കന്മാരും കോണ്‍ഗ്രസുകാരാണ് എന്നാണ് കെ ടി ജലീല്‍ പിന്നാലെ പറഞ്ഞത്. സോളാര്‍ രക്തത്തില്‍ ഇടത് പക്ഷത്തിന് പങ്കില്ല. വ്യക്തിഹത്യയെ അനുകൂലിക്കുന്നവരല്ല ഇടതു പക്ഷം. ഏഷ്യാനെറ്റ് ന്യൂസ് അല്ലേ കത്ത് പുറത്ത് വിട്ടത്.
ഉമ്മന്‍ ചാണ്ടി കേസ് കൊടുത്തത് ഏഷ്യാനെറ്റിന് എതിരായാണ്. 50 ലക്ഷം രൂപ കൊടുത്താണ് കത്ത് വാങ്ങിയതെന്ന് മറ്റൊരു മാധ്യമം ഇന്ന് റിപോര്‍ട്ട് ചെയ്തില്ലേ. സിബിഐ റിപ്പോര്‍ട്ടില്‍ എവിടെ എങ്കിലും ഇടതു പക്ഷ സര്‍ക്കാരിന്റെ പങ്കിനെ കുറിച്ച് ഒരു വാക്ക് ഉണ്ടോ? ഈ കേസ് കൊണ്ടുവന്നത് ഇടതുപക്ഷമാണോ.
ഇടതുകക്ഷികള്‍ നിറവേറ്റിയത് പ്രതിപക്ഷ ധര്‍മ്മമാണ്. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാട്ടില്‍ പാട്ടാക്കിയതില്‍ തങ്ങള്‍ക്ക് പങ്കില്ല. ഈ രക്തത്തില്‍ ഇടതുപക്ഷത്തിന് പങ്കില്ല. യുഡിഎഫിനാണ് പങ്ക് എന്നും കെ ടി ജലീല്‍ പറഞ്ഞു.