Connect with us

International

കടുത്ത നടപടിയുമായി ഇന്ത്യ. കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ നിർത്തിവച്ചു

Published

on

ന്യൂഡൽഹി: കാനഡയുമായി തുടരുന്ന ഭിന്നതയിൽ കടുത്ത നടപടിയുമായി ഇന്ത്യ. കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചു. കാനഡയിലെ വിസ സർവീസാണ് ഇന്ത്യ നിർത്തിയത്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷം നിലനിൽക്കെയാണ് നടപടി.

‘പ്രവർത്തനപരമായ കാരണങ്ങൾ’ ചൂണ്ടിക്കാട്ടി 2023 സെപ്റ്റംബർ 21 മുതൽ, ഇന്ത്യൻ വിസ സേവനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നുവെന്ന് വിസ അപേക്ഷാ പോർട്ടലായ BLS അറിയിച്ചു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിന് പിന്നാലെ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വിളളൽ വീണിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം കാനഡയിലെ ഭാരതീയ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വിസ സേവനങ്ങളും നിർത്തിവച്ചത്.

20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് കാനഡയിലുള്ളത്. മലയാളികൾ അടക്കം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എല്ലാ വർഷവും കാനഡയിലേക്ക് കുടിയേറാറുണ്ട്. ഇപ്പോൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാകുന്നത് ആശങ്കയോടെയാണ് കാനഡയിലെ ഇന്ത്യക്കാർ നോക്കിക്കാണുന്നത്. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ സിഖ് ജനസംഖ്യയുള്ള രാജ്യമാണു കാന‍‍ഡ. 7,70,000 സിഖുകാരാണ് അവിടെയുള്ളത്; അതായത് കാനഡയിലെ ആകെ ജനസംഖ്യയുടെ 2.1 ശതമാനം.

2015ൽ ട്രൂഡോ അധികാരത്തിൽ വന്നപ്പോൾ മുപ്പതംഗ കാബിനറ്റിൽ നാലു സിഖ് വംശജരെ മന്ത്രിമാരായി നിയമിച്ചതോടെയാണ് ഭാരതത്തിനും കാനഡയ്‌ക്കുമിടയിൽ ഉദ്യോഗസ്ഥതലത്തിൽ സംഘർഷം ആദ്യമായി തുടങ്ങിയത്.

Continue Reading