Crime
നിജ്ജാറിന്റെ കൊലയിൽ ഇന്ത്യൻ പങ്കിന് തെളിവുണ്ടെന്ന് കാനഡ

ടൊറന്റോ:കനേഡിയൻ പൗരനായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന ഉറച്ച നിലപാടുമായ് കാനഡ. ഇന്ത്യൻ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നൽകിയതായി കാനഡ അവകാശപ്പെട്ടു. മാത്രമല്ല, നേരിട്ടും അല്ലാതെയും തെളിവു ശേഖരിച്ചതായും കാനഡ വ്യക്തമാക്കി. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇലക്ട്രോണിക് തെളിവുണ്ടെന്നും ഇവർ പറയുന്നു.
എന്നാൽ തെളിവ് ഇപ്പോൾ കൈമാറാനാകില്ലെന്നാണ് നിലപാട്. വിശദമായ അന്വേഷണത്തിനു ശേഷമേ തെളിവു കൈമാറാനാകൂ എന്നാണ് കാനഡ വ്യക്തമാക്കുന്നത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. കാനഡയിലെ ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണമാണ് ഇപ്പോഴത്തെ നയതന്ത്ര സംഘർഷത്തിനു കാരണമായത്.
നേരത്തെ, നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചിരുന്നു. ഇതു രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണം. ഇന്ത്യയെ പ്രകോപിപ്പിക്കുക ലക്ഷ്യമല്ല –ട്രൂഡോ ന്യൂയോർക്കിൽ പറഞ്ഞു. എന്നാൽ, ഇന്ത്യൻ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ടു മറുപടി നൽകിയതുമില്ല.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ ഇന്ത്യ – കാനഡ ബന്ധം കൂടുതൽ മോശമാക്കുന്നതിനിടെയാണ്, കാനഡ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന സൂചനകൾ വരുന്നത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനത്തിൽ ഇന്ത്യയും ഉറച്ചു നിൽക്കുകയാണ്.