Crime
ബിജെപി അംഗം നടത്തിയ വിദ്വേഷ പരാമര്‍ശത്തെച്ചൊല്ലി ലോക്‌സഭയില വന്‍ വിവാദം ഖേദം പ്രകടപ്പിച്ചു രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ബിജെപി അംഗം രമേഷ് ബിധൂരി ലോക്‌സഭയില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തെച്ചൊല്ലി വന്‍ വിവാദം. സഭയില്‍ ചന്ദ്രയാനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, ബിഎസ്പി അംഗം ഡാനിഷ് അലിക്കെതിരെയാണ് ബിധൂരി വിദ്വേഷ പരാമര്‍ശം നടത്തിയത്. പരാമര്‍ശം സഭാരേഖകളില്‍നിന്നു നീക്കാന്‍ നിര്‍ദേശിച്ച സ്പീക്കര്‍ ഓം ബിര്‍ല ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബിധൂരിക്കു താക്കീത് നല്‍കി.
ഭികരവാദി ഉള്‍പ്പെടെയുള്ള പദങ്ങളും അസഭ്യ പ്രയോഗങ്ങളും നടത്തി ബിധൂരി ഡാനിഷ് അലിക്കെതിരെ സംസാരിക്കുന്ന സഭാ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. ബിധൂരിയുടെ പെരുമാറ്റത്തില്‍ മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിങ് ഖേദം പ്രകടപ്പിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ച് ഉണ്ടായ സംഭവം രാജ്യത്തെ ന്യൂനപക്ഷ സമുദായ അംഗം എന്ന നിലയിലും എംപി എന്ന നിലയിലും അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് ഡാനിഷ് അലി സ്പീക്കര്‍ക്കെഴുതിയ കത്തില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ തന്നെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ബിധൂരിയുടെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു. അംഗത്തിന്റെ പരാമര്‍ശം പ്രതിപക്ഷത്തിന്റെ വികാരങ്ങളെ ഹനിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി രാജ്‌നാഥ് സിങ് പറഞ്ഞു.
അതേസമയം ഖേദപ്രകടനം പോരെന്നും ബിധൂരിക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിധൂരിയുടെ നടപടി പാര്‍ലമെന്റിനെ അവഹേളിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ബിധൂരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.
മറ്റു പ്രതിപക്ഷ നേതാക്കളും ബിധൂരിയുടെ പെരുമാറ്റത്തിനെതിരെ രംഗത്തെത്തി.”