Crime
ഇ ഡി യുടെ ചോദ്യത്തിന് മുന്നിൽ കണ്ണന് വിറയൽ. മൂന്നരയോടെ വിട്ടയച്ചു. വീണ്ടും വിളിപ്പിക്കും

” ഇ ഡി യുടെ ചോദ്യത്തിന് മുന്നിൽ കണ്ണന് വിറയൽ. മൂന്നരയോടെ വിട്ടയച്ചു. വീണ്ടും വിളിപ്പിക്കും
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സി പി എം സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് അദ്ധ്യക്ഷനുമായ എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ ഇ ഡി നിറുത്തിവച്ചു. മൂന്നരയോടെ അദ്ദേഹം ഇ ഡി ഓഫീസിൽ നിന്ന് പുറത്തേക്കുവരികയായിരുന്നു. ചോദ്യംചെയ്യൽ സൗഹാർദ്ദപരമായിയുന്നു എന്നും വിളിപ്പിച്ചാൽ ഇനിയും എത്തുമെന്നാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട‌് പറഞ്ഞത്. ശാരീരിക പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ്പോൾ എനിക്ക് ഒരു കുഴപ്പവുമില്ലെന്നും ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ചോദ്യംചെയ്യലിനോട് എം കെ കണ്ണൻ ഒരു തരത്തിലും സഹകരിച്ചില്ലെന്നും ചോദ്യങ്ങൾ ചോദിച്ചപ്പോൾ തനിക്ക് വിറയലാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നുമാണ് ഇ ഡി ഉദ്യോഗസ്ഥർ പറഞ്ഞത്. എല്ലാ ചോദ്യത്തിനും വിറയലാണ് എന്ന ഉത്തരം നൽകിയതോടെ ഇനി ചോദ്യംചെയ്തിട്ട് കാര്യമില്ലെന്ന് വ്യക്തമായെന്നും അതിനാൽ വിട്ടയയ്ക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കണ്ണനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നും അതിനാൽ അധികം വൈകാതെ തന്നെ വീണ്ടും ചോദ്യംചെയ്യൽ ഉണ്ടാകുമെന്ന സൂചനയും ഇ ഡി നൽകി.ഇന്ന് രാവിലെയാണ് ചോദ്യംചെയ്യലിനായി കണ്ണൻ ഇ ഡി ഓഫീസിൽ എത്തിയത്. ചോദ്യംചെയ്യലിനായി പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം സന്ദർശിച്ചിരുന്നു.