Connect with us

Crime

വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് മറുപടി നൽകാനാകില്ല’; വീണ ഐജിഎസ്‌ടി അടച്ചോയെന്ന ചോദ്യത്തിന്  ജിഎസ്‌ടി വകുപ്പിന് മറുപടി ഇല്ല

Published

on


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ സ്ഥാപനം ഐ ‌ജി എസ് ടി അടച്ചോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ ജി എസ് ടി വകുപ്പ്. വീണയുടെ സ്ഥാപനമായ എക്‌സാലോജിക് സി എം ആർ എല്ലിന് നൽകിയ സേവനത്തിന് ലഭിച്ച തുകയുടെ ഐ ജി എസ് ടി അടച്ചോയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിൽ നിന്നാണ് ജി എസ് ടി വകുപ്പ് ഒഴിഞ്ഞ് മാറിയത്. എക്‌സാലോജിക് 1.72 കോടി രൂപയായിരുന്നു സേവന ഇനത്തിൽ വാങ്ങിയത്.

വ്യക്തികളുടെ സ്വകാര്യത മാനിച്ച് മറുപടി നൽകാൻ കഴിയില്ലെന്നാണ് ചോദ്യത്തിന് ജി എസ് ടി വകുപ്പ് നൽകിയ മറുപടി. വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1) (e) പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന വിവരങ്ങൾ കൈമാറാനാകില്ലെന്നാണ് ജി എസ് ടി വകുപ്പ് പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സി എം ആർ എല്ലിൽ നിന്ന് 1.72 കോടി രൂപയാണ് വീണയ്ക്ക് ലഭിച്ചതെന്നാണ് കണ്ടെത്തൽ.വീണയും എക്‌സാലോജിക്കും ഐടി, മാർക്കറ്റിംഗ് കൺസൾട്ടൻസി, സോഫ്‌റ്റ്‌വെയർ സേവനങ്ങൾ നൽകാമെന്ന് സി എം ആർ എല്ലുമായി കരാറുണ്ടാക്കിയിരുന്നു. കരാർ പ്രകാരം മാസം തോറും പണം നൽകിയെന്നും എന്നാൽ സേവനങ്ങളൊന്നും വീണയുടെ കമ്പനി നൽകിയില്ലെന്നുമാണ് സി എം ആർ എൽ മാനേജിംഗ് ഡയറക്‌ടർ എസ് എൻ ശശിധരൻ കർത്താ ആദായനികുതി വകുപ്പിന് മൊഴി നൽകിയത്.

അതേസമയം ജി എസ് ടി വകുപ്പിന്റേത് വളരെ വിചിത്രമായ മറുപടിയാണെന്ന് മാത്യു കുഴൽനാടൻ എം എൽ എ പ്രതികരിച്ചു. ചോദ്യത്തിന് മറുപടി നൽകില്ലെന്ന് പറയുന്നത് ഒളിച്ചോട്ടമാണ്. ജി എസ് ടി ഇടപാടുമായി ബന്ധപ്പെട്ട് താൻ ആദ്യം ചോദ്യം ഉന്നയിച്ചപ്പോൾ രേഖകൾ പിറ്റേന്നുതന്നെ ഹാജരാക്കുമെന്ന് എ കെ ബാലൻ അവകാശപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന് മാത്യു കുഴൽനാടൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു

Continue Reading